നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ അമ്മയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സുഹൈൽ ഓടിച്ച മിനി കൂപ്പർ വാഹനത്തിന്റെ ആർ.സി ഉടമ അമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം, അപകടത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിൽ കാണും. പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തന്നെ തിരിക്കും. കേസിൽ പ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
അപകടസമയത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുഹൈൽ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സഹയാത്രികർ സുഹൈലിനെ തടയാൻ ശ്രമിച്ചില്ലെന്നും ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും ഇതിന് തെളിവായി ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അപകടസമയത്തെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ (EDR) ശാസ്ത്രീയ പരിശോധന പൂർത്തിയാകാനിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോടതി നടപടി. പ്രതിഭാഗം മേൽക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഒക്ടോബർ 11-ന് പുലർച്ചെ അപകടമുണ്ടായ വിമാനത്താവള റോഡിൽ പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക പരിശോധന നടത്തിയിരുന്നു. റോഡിന്റെ നിർമ്മാണത്തിലെ അപാകതകളോ ഡിസൈനോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഇത്. മോട്ടോർ വാഹന വകുപ്പ്, റോഡ് പരിപാലന ചുമതലയുള്ള സിയാൽ (CIAL), പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വിമാനത്താവള റോഡിൽ വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വ്യക്തമായി വാഹന നമ്പർ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്