ഒരു കൊലപാതക അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും അതിനു പിന്നിലെ രാഷ്ട്രീയ-മാധ്യമ ഇടപെടലുകളുമെല്ലാം കോർത്തിണക്കി പൂർണമായും ത്രില്ലർ സ്വഭാവത്തിലുള്ള ട്രെയിലർ പുറത്തിറക്കി ‘ആരം’. പ്രശസ്ത പരസ്യചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നത്.
“പത്ത് ദിവസത്തിനുള്ളിൽ അവന്റെ മരണത്തിന് പിന്നിലുള്ളവർ ആരായാലും നിങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് എത്തിക്കും” എന്ന നിർണായക സംഭാഷണമാണ് ട്രെയിലറിലെ ശ്രദ്ധേയ രംഗങ്ങളിലൊന്ന്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നിരവധി തലങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്.
പൊലീസ് അന്വേഷണം, രാഷ്ട്രീയ സ്വാധീനം, മാധ്യമങ്ങളുടെ ഇടപെടൽ, അന്വേഷണ ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദങ്ങൾ തുടങ്ങി കേസിന്റെ വിവിധ വശങ്ങൾ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ രംഗവും പ്രേക്ഷകരിൽ ദുരൂഹതയും ആകാംക്ഷയും വർധിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ട്രെയിലർ.
സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. ആന്റോ ഈപ്പനെ അവതരിപ്പിക്കുന്നത്. അഭിനയജീവിതത്തിൽ ആദ്യമായി ഇത്രയും ഗൗരവമേറിയ കഥാപാത്രത്തെ സൈജു കുറുപ്പ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കുന്ന ‘ആരം’ ഒരു തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലറായാണ് രജീഷ് പരമേശ്വരൻ അവതരിപ്പിക്കുന്നത്.
ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീര വാസുദേവ്, അഷ്‌കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരദി സന്തോഷ്, രമാദേവി, മാസ്റ്റർ ആദം എറിക് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ തിരക്കഥ രചിച്ചിരിക്കുന്നത്.
കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജെയ്ക്സ് ബിജോയിയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള രോഹിത് ഗോപാലകൃഷ്ണൻ ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നു.
ബാബു പിള്ളയാണ് പ്രൊഡക്ഷൻ ഡിസൈൻ. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ മനോജ്, സ്റ്റിൽസ് സിബി ചീരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സൗണ്ട് ഡിസൈൻ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി എന്നിവരാണ് നിർവഹിക്കുന്നത്.
സിജോ ഡൊമിനിക്കാണ് ഫിനാൻസ് കൺട്രോളർ. മാമി ജോ ഡിസൈൻ നിർവഹിക്കുന്നു. മാംഗോ സ്പേസാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. ബ്രിംഗ് ഫോർത്ത് മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ മാനേജർ മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഗുഡ് ഫെല്ലാസ് റിലീസും റോവൻ എന്റർടെയ്ൻമെന്റും ചേർന്ന് സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തിക്കും.