'അക്കൗണ്ടിലുണ്ട്, വച്ചുപൊറുപ്പിക്കില്ല'; മഹാരാജാസിലായതുകൊണ്ട് രക്ഷപെട്ടെന്ന് എം.എം മണി; വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം നേതാവ്
കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ അനുസ്മരണ യോഗത്തിൽ പരസ്യമായ കൊലവിളിയും അക്രമ രാഷ്ട്രീയത്തെ ന്യായീകരണവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. മഹാരാജാസ് കോളജിൽ വെച്ചല്ലായിരുന്നു കൊലപാതകമെങ്കിൽ പ്രതികളെ വച്ചുപൊറുപ്പിക്കില്ലായിരുന്നു എന്ന മണിയുടെ പ്രസ്താവന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയ ശൈലിയെ ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവരുന്നതാണ്. വട്ടവടയിൽ നടന്ന അനുസ്മരണ യോഗത്തിലാണ് നിയമവ്യവസ്ഥയെയും പോലീസിനെയും പൂർണ്ണമായി വെല്ലുവിളിച്ചുകൊണ്ട് മുതിർന്ന സിപിഎം നേതാവ് രംഗത്തെത്തിയത്.
പാർട്ടി മുൻപും നിയമം കൈയിലെടുത്തിട്ടുണ്ടെന്നും രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നും പരസ്യമായി സമ്മതിക്കുന്നതായിരുന്നു മണിയുടെ പ്രസംഗം. "രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല, അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്, കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്" എന്ന വാക്കുകളിലൂടെ സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തെ പരസ്യമായി പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. കേസും കോടതിയും നിലനിൽക്കുമ്പോൾ തന്നെ പാർട്ടി സ്വന്തം നിലയ്ക്ക് 'ശിക്ഷ' നടപ്പാക്കാറുണ്ടെന്ന വെളിപ്പെടുത്തൽ ജനാധിപത്യ സമൂഹത്തിന് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്.
അഭിമന്യുവിന്റെ കൊലപാതകം എറണാകുളം മഹാരാജാസ് കോളജിലായിപ്പോയത് കൊണ്ടാണ് പ്രതികൾ രക്ഷപെട്ടതെന്ന മണിയുടെ പരാമർശം, പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിലാണെങ്കിൽ തങ്ങൾ ചോരയ്ക്ക് ചോരയെന്ന രീതിയിൽ പ്രതികാരം ചെയ്യുമായിരുന്നു എന്ന സൂചനയാണ് നൽകുന്നത്. കേസ് നടക്കുന്നുണ്ടെങ്കിലും ഈ വിഷയം പാർട്ടിയുടെ 'അക്കൗണ്ടിൽ' തന്നെയുണ്ടെന്നും വിട്ടുകളയില്ലെന്നുമുള്ള ഭീഷണിപ്പെടുത്തലിലൂടെ നാട്ടിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ അഴിച്ചുവിടാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.