കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന് ജാമ്യം
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ-സാമുദായിക വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ജിതിൻ, കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജൂൺ 16 മുതൽ റിമാൻഡിലായിരുന്നു.
വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് സന്ദേശം വഴി ഇരുനൂറോളം പേർക്ക് ജിതിൻ ഈ വ്യാജ സ്ക്രീൻഷോട്ട് അയച്ചതായും തുടർന്ന് തെളിവ് നശിപ്പിച്ചതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം, കേസിൽ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ച ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണനും ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
പി.കെ. കാസിം നിരപരാധി; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
കേസിൽ ആദ്യഘട്ടത്തിൽ പ്രതിയാക്കപ്പെടുകയും വലിയ തോതിൽ വേട്ടയാടപ്പെടുകയും ചെയ്ത എം.എസ്.എഫ് നേതാവ് പി.കെ. കാസിം പൂർണ്ണമായും നിരപരാധിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. യു.ഡി.എഫ് സർക്കാർ നിയോഗിച്ച പുതിയ എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കാസിം നിരപരാധിയാണെന്ന് ബോധ്യപ്പെട്ടത്.
നേരത്തെ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണസംഘം കാസിമിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൂന്ന് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫോണുകളിൽ നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിപക്ഷവും കാസിമും നടത്തിയ കടുത്ത നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ യഥാർത്ഥ ചുരുളഴിഞ്ഞത്. മുൻപ് ഇടതു ഭരണകാലത്ത് പോലീസ് അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലേക്ക് എത്തിയതോടെ അന്വേഷണം നിശ്ചലമായിരുന്നു.
വിവാദത്തിന് പിന്നിൽ 'വടകര സ്ക്വാഡ്'
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ സാമുദായിക ധ്രുവീകരണവും ഐക്യതകർച്ചയും ലക്ഷ്യമിട്ടാണ് ഈ വ്യാജ പോസ്റ്റ് നിർമ്മിക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ 'ദീനിയായ മുസ്ലിമായും' എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയെ 'കാഫിറായും' ചിത്രീകരിക്കുന്നതായിരുന്നു വ്യാജ സ്ക്രീൻഷോട്ട്. 'വടകര സ്ക്വാഡ്' എന്ന ഇടത് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്ന് കാസിമിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ഈ സ്ക്രീൻഷോട്ട് മറ്റ് ഇടത് സൈബർ ഗ്രൂപ്പുകളിലേക്ക് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.