Logo
Fri, Jul 03, 2026 • 10:55 AM
LIVE TV
Watch

No business videos available

No Middle East videos available

'പാർട്ടിയുടെ തീരുമാനങ്ങൾ പിഴച്ചു, പയ്യന്നൂരിലും തളിപ്പറമ്പിലും തെറ്റുപറ്റി; വിവാദങ്ങൾ മുഖവിലയ്ക്കെടുക്കണം'; ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വയംവിമർശനവുമായി സി.പി.ഐ.എം നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 03, 2026
1 min read
SHARE:
SAVE: Login to save

'പാർട്ടിയുടെ തീരുമാനങ്ങൾ പിഴച്ചു, പയ്യന്നൂരിലും തളിപ്പറമ്പിലും തെറ്റുപറ്റി; വിവാദങ്ങൾ മുഖവിലയ്ക്കെടുക്കണം'; ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വയംവിമർശനവുമായി സി.പി.ഐ.എം നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ പരസ്യമായി സമ്മതിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിൽ വിവിധ പാർട്ടി ഘടകങ്ങൾക്ക് പോരായ്മ സംഭവിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സൂക്ഷ്മതലത്തിൽ ഉണ്ടായ ഇത്തരം വീഴ്ചകളാണ് പരാജയത്തിന് കാരണമായതെന്നും വിവാദങ്ങൾ മുഖവിലയ്ക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായെന്ന് പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്ക് ഗുണം ചെയ്യാത്ത തീരുമാനങ്ങളായിരുന്നു അവ. കൂടാതെ, പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിരുന്ന ആറുപേർ എൽ.ഡി.എഫിനെതിരെ വിമതരായി മത്സരിച്ചത് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി. പാർലമെന്ററി താല്പര്യങ്ങൾ പാർട്ടി പ്രവർത്തകരിൽ കടന്നുകൂടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ശബരിമല ദേവസ്വം ബോർഡ് അയ്യപ്പ സംഗമം പോലുള്ള പരിപാടികൾ നടത്തുന്നതിൽ തെറ്റില്ലായിരുന്നെങ്കിലും, അത് സർക്കാർ പരിപാടിയാണെന്ന രീതിയിൽ യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. ആർ.എസ്.എസ് പശ്ചാത്തലമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പ്രസ്തുത സമ്മേളനത്തിൽ വായിച്ചത് ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ, ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിലായിരുന്ന സമയത്ത് അടിയന്തിര നടപടിയെടുക്കാത്തതും വലിയൊരു പോരായ്മയായി പുത്തലത്ത് ദിനേശൻ വിലയിരുത്തുന്നു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് പാർട്ടിക്കുള്ള വിയോജിപ്പ് വ്യക്തമാക്കിയതാണെങ്കിലും, അത് കുറച്ചുകൂടി വ്യക്തതയോടെയും കടുത്ത വിമർശനത്തോടെയും പ്രസ്താവിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. ഇത് രാഷ്ട്രീയ എതിരാളികൾക്ക് തെറ്റായ പ്രചാരണത്തിന് അവസരമൊരുക്കി. യു.ഡി.എഫ് നടത്തിയ കള്ളപ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും പ്രകടനപത്രികയിലെ കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കാലത്തെ ചില പ്രസ്താവനകളും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്നതിലെ കുറവും തിരിച്ചടിയുണ്ടാക്കിയെന്ന് അദ്ദേഹം സമ്മതിക്കുന്നു.

താല്ക്കാലിക തിരിച്ചടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻപും അതിജീവിച്ചിട്ടുണ്ടെന്ന് ചരിത്രപരമായ കണക്കുകൾ നിരത്തി പുത്തലത്ത് ദിനേശൻ ഓർമ്മിപ്പിച്ചു. വിപുലമായ സംസ്ഥാന കമ്മിറ്റിയിലൂടെ തെറ്റുകൾ തിരുത്താനുള്ള കർമ്മപദ്ധതികൾക്കാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നത്. ആഗോളതലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പ്രശ്നങ്ങൾ വിശകലനം ചെയ്ത്, സംഘടനയെയും ബഹുജനങ്ങളെയും ഒപ്പം നിർത്തി പുതിയ സംഘടനാ സമീപനത്തിലേക്ക് പാർട്ടി കടക്കുകയാണെന്നും, ഇപ്പോഴത്തെ കള്ളപ്രചാരണങ്ങളെ അതിജീവിച്ച് പാർട്ടി കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10