അയോധ്യ ക്ഷേത്രക്കൊള്ള: പ്രതികള്‍ സംഭാവനപ്പണം കടത്തുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്
ഡല്‍ഹി: അയോധ്യ രാമക്ഷേത്ര കൊള്ളക്കേസില്‍ അന്വേഷണസംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പ്രതികള്‍ ക്ഷേത്രത്തിലെ സംഭാവനപ്പണം കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ച് പ്രതികളുടെ ദൃശ്യങ്ങളാണ് നിലവില്‍ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കോടികളുടെ ഈ സാമ്പത്തിക തിരിമറിയെക്കുറിച്ച് അന്വേഷിക്കുന്നത്.
കാണിക്കപ്പണം എണ്ണുന്നതിനായി ട്രസ്റ്റ് 50 പേരെയാണ് നിയോഗിച്ചിരുന്നതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് ഇവരെ തിരഞ്ഞെടുത്തതെന്നും ഇതിന് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അന്വേഷണസംഘത്തിന് നിലവില്‍ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയാണ്. ക്ഷേത്രത്തില്‍ നിന്ന് എത്ര കോടിയുടെ പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടു എന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.
വലിയ സാമ്പത്തിക തിരിമറി നടന്ന പശ്ചാത്തലത്തില്‍ കേസ് സിബിഐക്കോ ഇഡിക്കോ വിടുന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അതിനിടെ, കേസില്‍ രാഷ്ട്രീയ വിവാദങ്ങളും ശക്തമായി. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ട്രസ്റ്റിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് സുതാര്യമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
അതേസമയം, ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചമ്പത് റായിയാണ് പണം തട്ടിയതെന്നും തന്റെ സഹോദരനെ ബലിയാടാക്കുകയായിരുന്നെന്നും കേസിലെ മുഖ്യപ്രതിയായ ടിന്നു യാദവിന്റെ സഹോദരന്‍ ആരോപിച്ചതോടെ കേസ് പുതിയ തിരിവിലേക്ക് കടക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.