സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരത്തിലേക്ക്; തൃശൂര്‍ ജില്ലയില്‍ ഇന്ന് സൂചനാ പണിമുടക്ക്

Jaihind Webdesk
Thursday, January 5, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. ഇതിന്‍റെ ഭാഗമായി തൃശൂർ ജില്ലയിലെ നഴ്സുമാര്‍ ഇന്ന് സൂചനാ സമരം നടത്തും. കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലെയും നഴ്‌സുമാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സമരത്തിന് മുന്നോടിയായി തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് സൂചനാ സമരം നടത്തുകയാണ്.  സൂചനാ പണിമുടക്ക് ഒ.പിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ അത്യാഹിത വിഭാഗത്തിലും മറ്റ് അടിയന്തര ശസ്ത്രക്രിയ വിഭാഗങ്ങളിലും നഴ്സുമാർ ജോലിക്കെത്തിയിട്ടുണ്ട്.

വിവിധ ജില്ലകളിലെ ലേബർ ഓഫീസർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ദിവസവേതനം 1500 രൂപയാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. വേതന പരിഷ്കരണത്തിന് പുറമേ കരാർ നിയമനങ്ങൾ ഒഴിവാക്കണമെന്നും തൊഴിലാളി ദ്രോഹ നടപടികൾ പിന്തുടരുന്ന മാനേജ്മെന്‍റുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ആവശ്യപ്പെടുന്നു.