ജനുവരി ഒന്നിന് സർക്കാർ ചെലവില്‍ നടത്തുന്ന വനിതാമതില്‍ സംഘടിപ്പിക്കുന്നതിന്‍റെ മുഖ്യ ഉത്തരവാദിത്വം നല്‍കി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയത് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയായിരുന്നു. നവോത്ഥാനത്തിന്‍റെ അടയാളമായാണ് പിണറായി വനിതാമതിലിനെ സ്വയം വിശേഷിപ്പിക്കുന്നത്. സ്ത്രീസമത്വത്തോടൊപ്പം വർഗീയതക്കെതിരെയുള്ള പോരാട്ടവും വനിതാമതില്‍ എന്ന പരിപാടിയില്‍ നിക്ഷിപ്തമാണെന്ന് സമുദായസംഘടനകളുടെ നേതാക്കളുടെ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മുമ്പ് വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.
വര്‍ഗീയതയുടെ വിഷം ചീറ്റുന്ന നാക്കിന്‍റെ ഉടമയാണ് വെള്ളാപ്പള്ളി എന്നായിരുന്നു മുഖ്യമന്ത്രി അന്ന് വിശേഷിപ്പിച്ചത്. കേരളത്തില്‍ ദീര്‍ഘകാലമായി വിഷം ചീറ്റുന്ന നാക്കിന്‍റെ ഉടമയെ വര്‍ഗീയവാദി ആയി മാത്രമേ കാണാനാകൂ എന്നും പിണറായി തറപ്പിച്ചുപറയുന്നു. പിന്നെ എങ്ങനെയാണ് വെള്ളാപ്പള്ളി നടേശനെ മുഖ്യസംഘാടകനായി നിർത്തുക എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍റെ ആജ്ഞാനുവര്‍ത്തിയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ആര്‍.എസ്.എസിനെ ശക്തിപ്പെടുത്താനാണെന്നും പിണറായി അന്ന് പറഞ്ഞിരുന്നു.
ഇതിന് പുറമേ വനിതാമതിലിന്‍റെ മറ്റൊരു മുഖ്യ സംഘാടകനായി മുഖ്യമന്ത്രി നിയോഗിച്ച സി.പി സുഗതന്‍റെ വിശേഷണങ്ങള്‍ ഇങ്ങനെപോകുന്നു. അഖില എന്ന ഹാദിയ വിവാദത്തില്‍ സി.പി സുഗതന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് വര്‍ഗീയയുടെ വിഷം ചീറ്റുന്ന വാക്കുകളായിരുന്നു.
അഖിലയെ തെരുവില്‍ മതഭ്രാന്തന്മാര്‍ ഭോഗിക്കട്ടെ എന്ന് ആഹ്വാനം ചെയ്ത സി.പി സുഗതന്‍ എങ്ങനെ സ്ത്രീസമത്വത്തിന്‍റെ നേതാവായി മാറും എന്നാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.