മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച പി.സി. ജോര്‍ജ്ജ് രാജിവെയ്ക്കണം: യൂത്ത് ലീഗ്

Jaihind Webdesk
Monday, May 27, 2019

കോട്ടയം: മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ച പി.സി. ജോര്‍ജ്, എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുസ്ലീം യൂത്ത്ലീഗ്. സംഭവത്തില്‍ പ്രതിഷേധിച്ച യൂത്ത്ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസിന്റെ ശ്രമം. പി.സി. ജോര്‍ജിനെതിരെ എത്രയും പെട്ടെന്ന് നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടിലും നിയമസഭാ മണ്ഡലത്തിലും നാണം കെട്ട പ്രകടനം കാഴ്ച വെച്ചത് മൂടി വെയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങളുമായി പിസി. ജോര്‍ജ് എംഎല്‍എ രംഗത്ത് വന്നിരിക്കുന്നതെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും പുറത്തു വന്ന ഓഡിയോ സംഭാഷണത്തിന്റെ ഉറവിടം കണ്ടെത്തണം. സമുദായ സ്പര്‍ദ്ദയും വര്‍ഗ്ഗീയതയും ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സംഭാഷണങ്ങള്‍ കേരളത്തിന് തന്നെ അപമാനകരമാണ്. കേരളത്തില്‍ മുമ്പ് നടന്ന പ്രവാദ സംഭവങ്ങളിലൊക്കെ കുറ്റാരോപിതര്‍ക്കു വേണ്ടി വാദിക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന പി.സി ജോര്‍ജ് സ്ഥിരമായി നിയമലംഘനം നടത്തുകയാണ് യൂത്ത്ലീഗ് ചൂണ്ടിക്കാട്ടി.

മതവിദ്വേഷം വളര്‍ത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന എംഎല്‍എ സൈ്വര്യവിഹാരം നടത്തുമ്പോള്‍ നിരപരാധികളെ അറസ്റ്റു ചെയ്യുന്ന നടപടി അവസാനിക്കണമെന്നും പിസി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ് നിയമപരമായ പോരാട്ടം നടത്തുമെന്നും പി.കെ. ഫിറോസ് അറിയിച്ചു.