ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് ഗുണം ചെയ്തു; 18 സീറ്റുവരെ യു.ഡി.എഫ് നേടുമെന്ന് മുസ്ലിംലീഗ്

Jaihind Webdesk
Monday, April 29, 2019

കോഴിക്കോട്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും യു.ഡി.എഫിന് 17 മുതല്‍ 18 സീറ്റുകള്‍ വരെ കിട്ടുമെന്നും മുസ്ലീംലീഗ് വിലയിരുത്തല്‍. മുസ്ലീംലീഗ് അഭിമാനപ്രശ്നമായി ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ കണക്കുകൂട്ടലുകള്‍ വിജയിച്ചുവെന്നും കെ.മുരളീധരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

മലപ്പുറത്ത് 2,10,000 വോട്ടിന്റെ ഭൂരിപക്ഷം പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. ഏകദേശം 70,000 വോട്ടിന്റെ ഭൂരിപക്ഷം ഇടി.മുഹമ്മദ് ബഷീറിന് പൊന്നാനിയില്‍നിന്ന് ലഭിക്കുമെന്നും ലീഗ് വിലയിരുത്തി. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം വരെ ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. മാത്രമല്ല ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് യു.ഡി.എഫിന് വോട്ടായി മാറിയിട്ടുണ്ടെന്നും ലീഗ് വിലയിരുത്തല്‍ നടത്തി.

ശക്തമായ മത്സരം നടന്ന വടകരയില്‍ ആദ്യഘട്ടം മുതലേ ലീഗിന്റെ വലിയ പിന്തുണയായിരുന്നു മുരളീധരന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പി.ജയരാജനായത് കൊണ്ട് തന്നെ കൈമെയ് മറുന്നുള്ള പ്രവര്‍ത്തനമായിരുന്നു ലീഗ് കാഴ്ചവെച്ചിരുന്നത്. ഇക്കാര്യം മുരളീധരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ലീഗിന് സ്വാധീനമുള്ളയിടങ്ങളിലെല്ലാം വീട് കയറി പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചതും ലീഗ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു.