താനൂരിലെ ലീഗ് പ്രവര്‍ത്തകനെ കൊന്നത് 5 അംഗ സിപിഎം സംഘം; പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടന്‍

Jaihind News Bureau
Friday, October 25, 2019

താനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്‍റെ കൊലപാതകത്തിന് പിന്നിലെ അഞ്ചംഗ സിപിഎം സംഘം. പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.  ഇതുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകാതെ അറസ്റ്റുണ്ടാകുമെന്ന് മലപ്പുറം എസ് പി അബ്ദുള്‍ കരിം പറഞ്ഞു. പ്രതികളുമായി അടുത്ത് ബന്ധമുള്ളവരെയും ചോദ്യം ചെയ്യുകയാണ്. അതേസമയം, സിപിഎമ്മിന്‍റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറത്തെ തീരദേശ മേഖലകളിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. വൈകീട്ട് ആറ് മണിവരെയാണ് ഹർത്താൽ.

മലപ്പുറം താനൂരിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മുസ്ലീം ലീഗ് പ്രവർത്തകൻ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. 36 വയസ്സായിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുസ്ലീംലീഗ് ആരോപിച്ചു. വൈദ്യുതി നിലച്ച സമയത്താണ് അക്രമികൾ യുവാവിനെ ആക്രമിച്ചത്. ജുമാ മസ്ജിദിലേക്ക് നിസ്‌കരിക്കാൻ പോകുന്ന സമയത്താണ് ഇസ്ഹാഖിന് നേരെ ആക്രമണം നടന്നത്. ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. പരിക്കേറ്റ ഇയാളെ തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിപിഎം – ലീഗ് സംഘർഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലെ തീരദേശം ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊന്നാനി, തവനൂർ , തിരൂർ, താനൂർ, വള്ളിക്കുന്ന്, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഹർത്താൽ.