താനൂര്‍ കൊലക്കേസ് : മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ; കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു

Jaihind News Bureau
Saturday, October 26, 2019

താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. അഞ്ചുടി സ്വദേശികളായ മുഫീസ്, മശ്ഹൂദ്, താഹ എന്നിവരെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കുള്ള ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് പോലീസ് ഇന്ന് രേഖപ്പെടുത്തിയത്. മുഫീസും മഷ്ഹൂദും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും താഹ കൃത്യത്തിന് സഹായിച്ച ആളുമാണ്. ഇവരെല്ലാം പ്രാദേശിക സിപിഎം പ്രവർത്തകരാണ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണ് എന്ന വാദം സിപിഎം നിഷേധിച്ചു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ് വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ വാദം പൊളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ പോലീസ് തിരയുകയാണ്. വ്യാഴാഴ്ച്ച രാത്രിയിലാണ് താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മുഹമ്മദ്‌ ഇസ്ഹാഖിനെ ആറ് അംഗ സംഘ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയത്. പരിക്കേറ്റ ഇസ്ഹാഖിനെ താനൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.