തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എം.എസ്.സി.എല്‍ മുഖേന വിതരണം ചെയ്ത റെംഡെസിവിര്‍ (Remdesivir) മരുന്ന് കാലാവധി കഴിഞ്ഞിട്ടും രോഗികള്‍ക്ക് നല്‍കിയെന്ന ഗുരുതര ആശങ്കയില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവെയാണ് മന്ത്രി കെ. മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുക.
നിപ, കോവിഡ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സയ്ക്കായി കെ.എം.എസ്.സി.എല്‍ കാരുണ്യ വഴിയാണ് അവസാനമായി 2021 ജൂണ്‍ 3-ന് റെംഡെസിവിര്‍ മരുന്ന് വാങ്ങിയത്. 42 ലക്ഷം രൂപ വിലമതിക്കുന്ന 3000 വയല്‍ മരുന്നുകളാണ് അന്ന് വിതരണത്തിനായി എത്തിച്ചത്. ഈ ബാച്ചിന്റെ കാലാവധി 2023 മെയ് 30-ന് അവസാനിച്ചിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2023-24-ല്‍ 102 വയലും, 2024-25-ല്‍ 34 വയലും, 2025-26-ല്‍ 10 വയലും ഉപയോഗിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2026-27-ല്‍ നല്‍കിയ 50 വയല്‍ മരുന്ന് ബഹ്റൈനില്‍ നിന്ന് പ്രത്യേകമായി എത്തിച്ചതാണെങ്കിലും, മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് സംശയിക്കുന്നു.
2023-ല്‍ റിപ്പോര്‍ട്ട് ചെയ്ത 6 നിപ കേസുകളില്‍ രണ്ടുപേരും, 2024-ല്‍ റിപ്പോര്‍ട്ട് ചെയ്ത 2 കേസുകളില്‍ രണ്ടുപേരും, 2025-ല്‍ റിപ്പോര്‍ട്ട് ചെയ്ത 3 കേസുകളില്‍ രണ്ടുപേരും മരണപ്പെട്ടിരുന്നു. അതേസമയം 2026-ല്‍ രോഗം ബാധിച്ചയാള്‍ സുഖം പ്രാപിക്കുകയും ചെയ്തു. രോഗികളുടെ മരണം കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് കൊണ്ടാണോ എന്നും, ഈ മരുന്ന് കഴിച്ച മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും. കൂടാതെ ഡി.എം.ഇ, ഡി.എച്ച്.എസ് എന്നിവര്‍ മുഖേന മരുന്ന് ലഭിച്ച മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ
സംസ്ഥാനത്ത് കെ.എം.എസ്.സി.എല്‍ (KMSCL) മുഖേന വിതരണം ചെയ്ത റെംഡെസിവിര്‍ (Remdesivir) മരുന്ന് കാലാവധി കഴിഞ്ഞിട്ടും രോഗികള്‍ക്ക് നല്‍കിയെന്ന ഗുരുതര ആശങ്കയില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.