ന്യൂഡൽഹി/തിരുവനന്തപുരം: ഡൽഹി ബിക്കാനീർ ഹൗസിലെ ആർട്ട് ഗാലറിയിൽ നിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ചിത്രങ്ങൾ നിർബന്ധപൂർവ്വം നീക്കം ചെയ്യിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി റെയ്ഹാൻ പകർത്തിയ സ്ട്രീറ്റ് ഫോട്ടോഗ്രാഫികളും ജനകീയ പ്രക്ഷോഭങ്ങളുടെ 75 ചിത്രങ്ങളുമാണ് അധികൃതർ നീക്കം ചെയ്തത്. പ്രദർശനത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചിത്രങ്ങൾക്ക് 'രാഷ്ട്രീയ സ്വഭാവം' ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. അടിച്ചമർത്തലുകൾക്ക് മുന്നിൽ തളരാതെ ചിത്രങ്ങൾ പൂർണ്ണമായി കേരളത്തിൽ പ്രദർശിപ്പിക്കാൻ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി.
"റെയ്ഹാൻ വാദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ഫോട്ടോ എക്സിബിഷൻ പൂർണ്ണമായും ആതിഥേയത്വം വഹിക്കാൻ കേരളം സന്തോഷത്തോടെയും അഭിമാനത്തോടെയും തയ്യാറാണ്. ഒരു ഒഴിവാക്കലുകളോ വിവേചനങ്ങളോ ഇല്ലാതെ ഈ പ്രദർശനം കേരളം ഏറ്റെടുക്കും." എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ഡൽഹിയിലെ സമരചരിത്രങ്ങൾ പകർത്തിയ ചിത്രങ്ങൾ അഴിച്ചുമാറ്റിയതോടെ അവിടെ ബാക്കിയായത് കുറച്ചു ആണികളും ഭരണഘടനാ ആമുഖത്തിന്റെ പകർപ്പുകളും മാത്രമാണ്. തെരുവിലെ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം, ആ യാഥാർത്ഥ്യങ്ങൾ ചുവരുകളിൽ ഫ്രെയിം ചെയ്തു വെക്കുന്നത് പോലും ഭയപ്പെടുന്നു എന്നതിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. തെരുവിൽ മനുഷ്യരെ നിശബ്ദരാക്കുന്നതിനേക്കാൾ ഭരണകൂടം ഭയപ്പെടുന്നത് ആ തെരുവിന്റെ ഓർമ്മകളെയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഭരണകൂടത്തിന് അനുകൂലമായത് മാത്രം 'സംസ്കാരവും', ചോദ്യം ചെയ്യുന്നത് 'രാഷ്ട്രീയവും' ആയി വ്യാഖ്യാനിക്കപ്പെടുന്നത് ഫാസിസ്റ്റ് പ്രവണതയുടെ ലക്ഷണമാണ്. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നവർക്ക് സാംസ്കാരികതയെ കുറിച്ച് പറയാൻ ഒരർഹതയുമില്ല. ചുമരുകളിൽ നിന്ന് ചിത്രങ്ങൾ അഴിച്ചുമാറ്റാമെങ്കിലും പ്രക്ഷോഭങ്ങളുടെ ചരിത്രത്തെ മായ്ച്ചുകളയാനാകില്ല. ബിക്കാനീർ ഹൗസിലെ ആ ശൂന്യമായ ചുവരുകൾ, അവിടെ തൂക്കിയിരുന്ന ചിത്രങ്ങളേക്കാൾ ഉറക്കെ സംസാരിക്കുന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചാണ്.
"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്രയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ