വടകര കാഫിര് സ്ക്രീന്ഷോട്ട് കേസില് മൂന്ന് പേരെ കൂടി പൊലീസ് പ്രതി ചേര്ത്തതായി റിപ്പോര്ട്ട്. വിവാദ സ്ക്രീന്ഷോട്ട് ഫേസ്ബുക്കില് ഷെയര് ചെയ്ത തൃശൂര് സ്വദേശിയായ സിപിഎം മെമ്പര് വഹാബ്, സിപിഎം പ്രവര്ത്തകരായ കോഴിക്കോട് നാദാപുരം സ്വദേശി അതുല്, തിരുവള്ളൂര് സ്വദേശി അതുല് പ്രസാദ് എന്നിവരെയാണ് കേസിലെ പുതിയ പ്രതികളാക്കിയത്.
ഇവരെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. തല്ക്കാലം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എന്നാല്, മെറ്റയില് നിന്ന് ആവശ്യമായ വിവരങ്ങള് ലഭ്യമാകാത്തതിനാല് കേസിലെ കൂടുതല് പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന് പൊലീസിന് സാധിക്കുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് കേസിനാസ്പദമായ കാഫിര് സ്ക്രീന്ഷോട്ട് സൃഷ്ടിക്കപ്പെടുന്നത്. കേസില് ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണന്, ജിതിന് ഭാസ്കര്, അമല് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിജിറ്റല് വിവരങ്ങള് വേഗത്തില് ലഭ്യമാക്കുന്നതിനായി മെറ്റയ്ക്ക് കോടതി മുഖേന നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ട് വടകര കോടതിയില് അപേക്ഷ നല്കാനാണ് പൊലീസിന്റെ തീരുമാനം.
വടകര കാഫിര് സ്ക്രീന്ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്ത്തകര് കൂടി പ്രതിപ്പട്ടികയില്; ചോദ്യം ചെയ്ത് വിട്ടയച്ചു