മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2018-ലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ പരസ്യപ്രതികരണം തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്ന് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. വിഷയത്തില്‍ പരസ്പരം സംസാരിച്ച് സമവായത്തിലെത്താന്‍ കമ്മിന്‍സ് മുന്‍കൈയെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും 'ദി ഗ്രേഡ് ക്രിക്കറ്റര്‍' പോഡ്കാസ്റ്റില്‍ ഖവാജ വെളിപ്പെടുത്തി.
അടുത്തിടെ പുറത്തിറങ്ങിയ ഖവാജയുടെ ആത്മകഥയാണ് 2018-ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് വീണ്ടും തിരികൊളുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങള്‍ക്ക് പുറമെ ടീമിലെ മറ്റ് കളിക്കാര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, കേപ് ടൗണ്‍ ടെസ്റ്റിന് പുറമെ പോര്‍ട്ട് എലിസബത്ത് ടെസ്റ്റിലും സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ചിരുന്നുവെന്നും ഖവാജ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ അന്ന് ടീമിലുണ്ടായിരുന്ന ബൗളര്‍മാര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംശയനിഴലിലായി.
എന്നാല്‍, നവംബര്‍ 13-ന് സിഡ്നിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖവാജയുടെ വെളിപ്പെടുത്തലുകളെല്ലാം പാറ്റ് കമ്മിന്‍സ് രൂക്ഷമായ ഭാഷയില്‍ തള്ളിക്കളഞ്ഞിരുന്നു. ഖവാജയുടെ അവകാശവാദങ്ങള്‍ '100 ശതമാനം തെറ്റാണെന്നും' 'പൂര്‍ണ്ണമായും അസംബന്ധമാണെന്നും' കമ്മിന്‍സ് തുറന്നടിച്ചു. മൈതാനത്തേക്ക് സാന്‍ഡ്പേപ്പര്‍ കൊണ്ടുപോകുന്ന കാര്യം ബൗളര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും, ഇത്തരം ആരോപണങ്ങള്‍ സഹതാരങ്ങളുടെ വ്യക്തിത്വത്തെയും ജീവിതത്തെയും ബാധിക്കുന്നതാണെന്നും കമ്മിന്‍സ് വിമര്‍ശിച്ചിരുന്നു.
കമ്മിന്‍സിനെ ഒരു വ്യക്തിയെന്ന നിലയിലും നായകനെന്ന നിലയിലും താന്‍ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തനിക്കെതിരെ ഇത്തരമൊരു വ്യക്തിപരമായ കടന്നാക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖവാജ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് താന്‍ കമ്മിന്‍സിന് സന്ദേശമയച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ഭാര്യ റെയ്ച്ചലിനൊപ്പമിരുന്നാണ് കമ്മിന്‍സിന്റെ വാര്‍ത്താസമ്മേളനം കണ്ടതെന്നും ആ നിമിഷം താന്‍ ഏറെ വികാരഭരിതനായെന്നും ഖവാജ ഓര്‍ത്തെടുത്തു. എങ്കിലും കമ്മിന്‍സിനോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലെന്നും, ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിലനിന്നിരുന്ന 'ഏതുവിധേനയും വിജയിക്കുക' എന്ന തെറ്റായ സംസ്‌കാരമാണ് അന്നത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്നും ഖവാജ കൂട്ടിച്ചേര്‍ത്തു.
'കമ്മിന്‍സിന്റെ വാക്കുകള്‍ വ്യക്തിപരമായി വേദനിപ്പിച്ചു'; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പാറ്റ് കമ്മിന്‍സിനെതിരെ ഉസ്മാന്‍ ഖവാജ
കമ്മിൻസിനെ വ്യക്തിയായും നായകനായും സ്നേഹിക്കുന്നുണ്ടെങ്കിലും, തനിക്കെതിരെ ഇത്തരമൊരു വ്യക്തിപരമായ ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഖവാജ വ്യക്തമാക്കി. സം