മുംബൈ ഇന്ത്യൻസിനെതിരായ നിർണ്ണായക മത്സരത്തിൽ അവസാന പന്തിൽ ആവേശജയം സ്വന്തമാക്കിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) താരം ടിം ഡേവിഡിനെതിരെ ഐപിഎൽ അച്ചടക്ക സമിതിയുടെ നടപടി. ഡഗ് ഔട്ടിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ചതിനാണ് താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്. പിഴയ്ക്ക് പുറമെ രണ്ട് ഡെമെറിറ്റ് പോയിന്റുകളും ഡേവിഡിന്റെ പേരിൽ രേഖപ്പെടുത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് മാച്ച് റഫറി അമിത് ശർമ്മ വിധിച്ച ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചു.
ഞായറാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് ആർസിബി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. ഈ വിജയലഹരിയിൽ ആഘോഷങ്ങൾക്കിടെ ടിം ഡേവിഡ് നടുവിരൽ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ആരാധകർക്കിടയിൽ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ഐപിഎൽ അധികൃതർ വിഷയത്തിൽ ഇടപെട്ടത്. മുൻപ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഡേവിഡ്, 2025 ലേലത്തിലാണ് ആർസിബിയിൽ എത്തിയത്. എന്നാൽ ഈ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായി അദ്ദേഹം ബാറ്റിംഗിൽ നിരാശപ്പെടുത്തിയിരുന്നു.
മത്സരത്തിലേക്ക് നോക്കുകയാണെങ്കിൽ, അവസാന പന്ത് വരെ നീണ്ട നാടകീയമായ പോരാട്ടത്തിനൊടുവിലായിരുന്നു ബംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിംഗ് സ്പെൽ പ്രതിരോധത്തിലാക്കി. പവർപ്ലേയിൽ തന്നെ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, റയാൻ റിക്കൽട്ടൺ എന്നിവരെ ഭുവി പുറത്താക്കി. എങ്കിലും തിലക് വർമ്മയുടെയും നമൻ ധീറിന്റെയും കരുത്തിൽ മുംബൈ 166 എന്ന മാന്യമായ സ്കോറിലെത്തി. മറുപടി ബാറ്റിംഗിൽ വിരാട് കോലി ഗോൾഡൻ ഡക്കായെങ്കിലും തളരാതെ പോരാടിയ ആർസിബി അവസാന പന്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി.