ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് 'ഓപ്പണ്‍ ഹൗസ് ' പടിയിറങ്ങുന്നു : പ്രവാസികള്‍ക്ക് പരാതി നല്‍കാന്‍ ഇനി മറീന JLT എത്തണം ; വീണ്ടും 30 കി.മീ അധികയാത്ര , വടക്കന്‍ നഗരവാസികള്‍ക്ക് കൂടുതല്‍ ദുരിതം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 10, 2020
1 min read
•
Updated: June 03, 2026
ദുബായ് : ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ ഇനി പ്രവാസികള്‍ കൂടുതല്‍ കിലോമീറ്ററും സമയവും യാത്ര ചെയ്യണമെന്ന ദുരവസ്ഥ വരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ബര്‍ദുബായിലെ അങ്കണത്തില്‍ നടത്തി വന്നിരുന്ന ഓപ്പണ്‍ ഹൗസുകളാണ് വീണ്ടും മുപ്പത് കിലോമീറ്ററിലധികം ദൂരമുള്ള മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ റാസല്‍ഖൈമ, ഫുജൈറ ഉള്‍പ്പടെയുള്ള യു.എ.ഇയിലെ വടക്കന്‍ മേഖലകളില്‍ നിന്നുളളവര്‍ക്ക് ഈ ദീര്‍ഘദൂര യാത്ര ഏറെ ദുരിതമാകും.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസം ആഘോഷത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതനുസരിച്ച് വര്‍ഷങ്ങളായി ബര്‍ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടത്തി വന്നിരുന്ന ഓപ്പണ്‍ ഹൗസിന്‍റെ വേദി ഇനി ദുബായിലെ ആഡംബര കേന്ദ്രമായ മറീനയിലെ ജുമൈറ ലെയ്ക്ക് ടവറിലേക്ക് (ജെ.എല്‍.ടി) മാറുന്നത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബര്‍ദുബായ് നഗര മധ്യത്തിലുളള ഓപ്പണ്‍ ഹൗസുകള്‍ വലിയ ആശ്വാസമായിരുന്നു. യു.എ.ഇയുടെ വടക്കന്‍ നഗരങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പോലും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നു. കൂടാതെ ബസ്, മെട്രോ, ടാക്‌സി, ജല ഗതാഗതം ഉള്‍പ്പടെയുള്ള യാത്രാ സൗകര്യങ്ങളും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇതാണ് ഇനി ജുമൈറ ലേയ്ക്ക് ടവര്‍ എന്ന ആഡംബര നിരക്കുകളും തിക്കും തിരക്കുമേറിയ മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. എല്ലാ മാസവും അവസാന വെള്ളിയാഴ്ചകളില്‍ ഓപ്പണ്‍ ഹൗസ് നടത്താനാണ് തീരുമാനം. ജെ.എല്‍.ടിയിലെ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് ഓപ്പണ്‍ ഹൗസ് നടക്കുകയെന്നും അധികൃതര്‍ വിശദീകരിച്ചു. നേരത്തെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്‍റര്‍ (ഐ.ഡബ്യു.ആര്‍.സി) എന്ന പേരിലുള്ള കേന്ദ്രം പിന്നീട് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമായി (പി.ബി.എസ്.കെ) പേര് മാറ്റുകയായിരുന്നു.
അതേസമയം കോണ്‍സുലേറ്റ് സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസം ആഘോഷം ഒരു പേരിന് മാത്രമായി സംഘടിപ്പിച്ച ചടങ്ങ് മാത്രമായി ചുരുങ്ങിയെന്നും ചില സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ മുന്‍കാല നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും കോണ്‍സല്‍ ജനറല്‍ വിപുല്‍ വിശദീകരിച്ചു. യു.എ.ഇ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ഇന്ത്യന്‍ പ്രവാസി പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10