ന്യൂഡൽഹി: പുതിയ ജീപ്പ് എസ്.യു.വി (Jeep SUV) വികസിപ്പിക്കുന്നതിനായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസും സ്റ്റെല്ലാന്റിസും (Stellantis) തമ്മിൽ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ടാറ്റ സിയറയുടെ (Tata Sierra) 'ആർഗോസ്' (ARGOS) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ജീപ്പ് എസ്.യു.വി നിർമ്മിക്കുന്നത്.
ആഭ്യന്തരതലത്തിൽ 'J1J' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മോഡൽ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് പുറമെ ഇലക്ട്രിക് പവർ ട്രെയിൻ ഓപ്ഷനുകളിലും ലഭ്യമാകും. വിവിധ വലുപ്പത്തിലുള്ള വാഹനങ്ങളും പവർട്രെയിനുകളും ഉൾക്കൊള്ളാൻ സാധിക്കുന്ന ടാറ്റയുടെ മോഡുലാർ വാഹന പ്ലാറ്റ്ഫോമാണിത്. പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥാവകാശം ടാറ്റയിൽ നിലനിൽക്കുമ്പോൾ തന്നെ സ്റ്റെല്ലാന്റിസിന് ഇതിനായുള്ള ലൈസൻസ് ടാറ്റ മോട്ടോഴ്സ് കൈമാറും.
മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ (FIAL) സംയുക്ത സംരംഭ ഫാക്ടറിയിലായിരിക്കും വാഹനം ഉത്പാദിപ്പിക്കുക. 2028 പകുതിയോടെ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഈ കൂട്ടുകെട്ട് 4WD സിയറ വേരിയന്റിന്റെ വികസനത്തിനും വേഗത കൂട്ടും. സിയറയുടെ ഇലക്ട്രിക് പതിപ്പിൽ ടാറ്റയുടെ ക്വാഡ്-വീൽ-ഡ്രൈവ് (Quad-Wheel-Drive) സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2028-ഓടെ പ്രാദേശികമായി നിർമ്മിച്ച ഒരു ലക്ഷത്തോളം വാഹനങ്ങൾ ആഗോളതലത്തിൽ വിറ്റഴിക്കുക എന്നതാണ് സ്റ്റെല്ലാന്റിസിന്റെ പ്രധാന ലക്ഷ്യം.