കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേത്ര ചികിത്സയുമായി ബന്ധപ്പെട്ട പതിവ് പരിശോധനകൾക്കായാണ് അവർ ആശുപത്രിയിൽ എത്തിയതെന്നും ദില്ലിയിലെ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സാധാരണയായി അണുബാധയുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയെയാണ് അവർ ആശ്രയിക്കാറുള്ളതെങ്കിലും ഇത്തവണ നേത്ര ചികിത്സയ്ക്കുള്ള പ്രത്യേക സൗകര്യങ്ങൾ കണക്കിലെടുത്താണ് മേദാന്ത തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം വരെ രാഷ്ട്രീയ ചർച്ചകളിൽ സോണിയ ഗാന്ധി സജീവമായിരുന്നു. ദില്ലിയിലെ 10 ജൻപഥിൽ നടന്ന കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന നിർണ്ണായകമായ ആലോചനകളിൽ അവർ പങ്കാളിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് നീങ്ങിയത്. നേത്രചികിത്സയ്ക്ക് പുറമെ മറ്റ് അനുബന്ധ ആരോഗ്യ പരിശോധനകളും മേദാന്തയിൽ നടക്കുമെന്നാണ് വിവരം. ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി.