റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിലും അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിലുമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
ദമാം വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിലാണ് ഇന്ത്യക്കാരന് കൊല്ലപ്പെട്ടത്. ഇവിടെ മരിച്ച മറ്റൊരാളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇവിടെ ഒരു ഇന്ത്യക്കാരനും പാകിസ്താന് പൗരനും പരിക്കേറ്റതായി സൗദി ഊര്‍ജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.
സൗദിയിലേക്ക് അയച്ച ആറ് സ്ഫോടക ഡ്രോണുകള്‍ പ്രതിരോധ സേന തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്കില്‍ ഏഴ് ചരക്ക് കപ്പലുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായ സാഹചര്യത്തില്‍, സൗദിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മറുവശത്ത്, യെമനില്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ നടന്ന കനത്ത ഏറ്റുമുട്ടലില്‍ 285 ഹൂതി വിമതര്‍ കൊല്ലപ്പെടുകയും 835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. തായിസ്, മരീബ് എന്നീ മേഖലകളിലാണ് ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
സൗദിയില്‍ ഹൂതി ആക്രമണം: ഇന്ത്യക്കാരന് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു; 10 പേര്‍ക്ക് പരിക്ക്