റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോണ്‍ ആക്രമണം. ഇറാഖ് അതിര്‍ത്തിയില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈന്‍ കേന്ദ്രങ്ങളില്‍ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെ സൗദി അറേബ്യ കടുത്ത ഭാഷയില്‍ അപലപിച്ചു. തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മദീനയ്ക്ക് തെക്കുകിഴക്കായുള്ള കേന്ദ്രങ്ങളില്‍ വന്‍ തീപിടിത്തവും പുകയും ഉയര്‍ന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയാനും സമയം നല്‍കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി സൗദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഇറാഖ് ഭരണകൂടത്തിന് സമയം നല്‍കിക്കൊണ്ട് തല്‍ക്കാലം തിരിച്ചടി നല്‍കേണ്ടതില്ലെന്ന് സൗദി തീരുമാനിച്ചു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം നിലനിര്‍ത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തില്‍ നന്ദി അറിയിച്ച ഇറാഖ്, ആക്രമണത്തെ ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അല്‍-നുമാന്‍ വ്യക്തമാക്കി. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഇറാഖ് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
സൗദിയുടെ കരമാര്‍ഗ്ഗമുള്ള ഏറ്റവും വലിയ എണ്ണ വിതരണ ശൃംഖലയാണ് 1,200 കിലോമീറ്ററോളം നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍. ഹോര്‍മുസ് കടലിടുക്കില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ ചെങ്കടല്‍ തീരത്തെ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാന്‍ സൗദി ആശ്രയിക്കുന്നത് ഈ പാതയെയാണ്. തന്ത്രപ്രധാനമായ ഈ എണ്ണപ്പാത തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയില്‍ പ്രതിഫലിച്ചേക്കാം.
സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോണ്‍ ആക്രമണം: വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു