വലിയകുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പ്രീത എൻ.കെ. നെടുങ്ങോട്ടൂരിന് രണ്ട് പ്രമുഖ പുരസ്കാരങ്ങൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഇരട്ട പുരസ്കാരങ്ങൾ ലഭിച്ചത്. ഡോ. എം.എസ്. വല്യത്താൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. എം.എസ്. വല്യത്താൻ പുരസ്കാരവും, പി.ആർ. രാമവർമ്മ രാജ ട്രസ്റ്റ് ഏർപ്പെടുത്തിയ പി.ആർ. രാമവർമ്മ രാജ് മാനവസേവ പുരസ്കാരവുമാണ് പ്രീതക്ക് ലഭിച്ചത്.
നാടിന്റെ അഭ്യർത്ഥന മാനിച്ച് പുരസ്കാരങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തന കേന്ദ്രമായ വലിയകുന്ന് പ്രദേശത്ത് വെച്ചുതന്നെ സമർപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നവംബർ 6 വെള്ളിയാഴ്ച തിരുവേഗപ്പുറ ചോലക്കൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുക. പുരസ്കാര ജേതാവായ പ്രീത നെടുങ്ങോട്ടൂരിനൊപ്പം ട്രസ്റ്റിന്റെയും സംഘാടകരുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ കൺവീനർ എം.വി. അനിൽകുമാർ, വൈസ് ചെയർമാൻ എം. രാധാകൃഷ്ണൻ, ജോയിന്റ് കൺവീനർ ടി.പി. മാനു, രക്ഷിതാവ് സുധീഷ്, പുരസ്കാര ജേതാവ് പ്രീത നെടുങ്ങോട്ടൂർ എന്നിവർ പങ്കെടുത്തു
പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ പ്രീത നെടുങ്ങോട്ടൂരിന് രണ്ട് പ്രമുഖ പുരസ്കാരങ്ങൾ; സമർപ്പണം നവംബർ 6ന്