പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിനായി സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധന നടത്തി ആരോഗ്യവകുപ്പ്. 'ഓപ്പറേഷൻ തെളിമ 2.0' എന്ന പേരിൽ നടത്തിയ റെയ്ഡിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി അറിയിച്ചു. പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ച് 160 ലഘുഭക്ഷണ നിർമാണ യൂണിറ്റുകളിലാണ് പരിശോധന പൂർത്തിയാക്കിയത്.
ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ എണ്ണ പരിശോധിക്കുകയായിരുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത പാചക എണ്ണയും വിതരണത്തിനായി സൂക്ഷിച്ചിരുന്ന പലഹാരങ്ങളുമാണ് നശിപ്പിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടെ 23 നോട്ടീസുകൾ നൽകി. ആറു കേസുകൾ തുടർനിയമനടപടികൾക്കായി ശിപാർശ ചെയ്തതിനൊപ്പം 80 സ്ഥാപനങ്ങൾക്കെതിരെ പിഴയടച്ചുള്ള നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും ദീർഘകാലം ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർദ്ധിപ്പിക്കും. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വറുത്ത ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നേരത്തെ നടത്തിയ ആദ്യഘട്ട പരിശോധനയുടെ തുടർച്ചയായാണ് ഈ നടപടി. സുരക്ഷിതമല്ലാത്ത പാചക എണ്ണ ഉപയോഗത്തിനെതിരെയും ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെയും കർശന നടപടികൾ തുടരുമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍ 568 ലിറ്റർ പഴകിയ എണ്ണയും 7,000 പലഹാരങ്ങളും നശിപ്പിച്ചു