തിരുവനന്തപുരം: മാസപ്പടി കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമര്ശനവുമായി മാത്യു കുഴല്നാടന് എം.എല്.എ വാര്ത്താസമ്മേളനം നടത്തി. വിജിലന്സ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെ പൂര്ണ്ണമായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. മുന്പ് തന്റെ ഹര്ജി തള്ളിയപ്പോള് വലിയ വിജയം ആഘോഷിച്ച സി.പി.എമ്മും പിണറായി വിജയനും പുതിയ നിയമനടപടികളുടെ പശ്ചാത്തലത്തില് ഇപ്പോള് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിണറായി വിജയന് നിയമത്തിന് മുന്നില് വിധേയനായി അന്വേഷണവും വിചാരണയും നേരിടുക എന്നതാണ് ഇനി ഏറ്റവും അഭികാമ്യമായ കാര്യമെന്ന് മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നേരിടാന് സര്ക്കാര് തയ്യാറാകണം. കേസെടുക്കുന്നതില് പിണറായി വിജയന് എന്തിനാണ് ഇത്രയേറെ വെപ്രാളപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ എന്ത് തെളിവുണ്ടായിട്ടാണ് മുന്പ് അന്വേഷണം നടത്തിയതെന്ന് ചോദ്യം ചെയ്ത മാത്യു കുഴല്നാടന്, 'മടിയില് കനമില്ലെങ്കില് പിണറായി എന്തിന് ഭയപ്പെടണം, വെപ്രാളപ്പെടണം?' എന്നും വാര്ത്താസമ്മേളനത്തില് ശക്തമായി തുറന്നടിച്ചു.
"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി തയ്യാറാകണം": മാത്യു കുഴൽനാടൻ എം.എൽ.എ