ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം. റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' പുതിയ എപ്പിസോഡിലാണ് ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചിരുന്നുവെന്ന് അവർ വെളിപ്പെടുത്തിയത്. അന്ന് തന്റെ പിഞ്ചുകുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ നടന്നതെന്നും, റിങ്ങിലെ കരുത്തുറ്റ പോരാളിയായ താൻ തികച്ചും അശക്തയായിപ്പോയ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നും അവർ സഹമത്സരാർത്ഥികളോട് പങ്കുവെച്ചു.
ചെറുപ്പം മുതൽ താൻ വലിയ തോതിലുള്ള വെല്ലുവിളികളും ത്യാഗങ്ങളും നേരിട്ടിട്ടുണ്ടെന്ന് മേരി കോം പറഞ്ഞു. കുടുംബത്തിനും സംസ്ഥാനത്തിനും രാജ്യത്തിനുമായി ഒരുപാട് സഹിച്ചുവെന്നും അതിജീവനത്തിനായി നിരന്തരം പൊരുതേണ്ടി വന്നുവെന്നും അവർ വ്യക്തമാക്കി. ഒരുകാലത്ത് ഒരുപാട് കരഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ വിഷമങ്ങൾ വരുമ്പോൾ അത് പുറത്തുകാണിക്കാറില്ലെന്നും ഈ ബോക്സിങ് താരം വെളിപ്പെടുത്തി.
റിങ്ങിലെ പോരാട്ട വീര്യത്തെക്കുറിച്ചും മെഡലുകളോടുള്ള അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും മേരി കോം സംസാരിച്ചു. "ഒരു മെഡൽ പോരാ, രണ്ട് മെഡൽ പോരാ, മൂന്ന് മെഡൽ പോരാ... എനിക്ക് കൂടുതൽ നേടണം, എന്റെ വിശപ്പൊടുങ്ങിയിട്ടില്ല. പക്ഷേ പ്രായപരിധി കാരണം ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല" - മേരി കോം കൂട്ടിച്ചേർത്തു. ആറ് തവണ ലോക ചാമ്പ്യനും 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവുമായ മേരി കോം 2005-ലാണ് ഓൺലെറെ വിവാഹം കഴിച്ചത്. മൂന്ന് വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞിരുന്നു. നാല് മക്കളാണ് ഇവർക്കുള്ളത്.