രാജ്യത്തെ ജനങ്ങൾ പട്ടിണിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉഴലുമ്പോൾ, അവർക്ക് ആശ്വാസം നൽകുന്നതിന് പകരം പണം ലാഭിക്കാൻ പാഠങ്ങൾ പഠിപ്പിക്കുകയാണ് പ്രധാനമന്ത്രിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച വേളയിൽ തന്നെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രൂപയുടെ മൂല്യത്തകർച്ച, ഇന്ധനവില വർദ്ധനവ്, വളം ക്ഷാമം, ഭക്ഷ്യസുരക്ഷാ ഭീഷണി എന്നിവയെല്ലാം രാജ്യം നേരിടാൻ പോകുന്നു എന്ന് മുൻകൂട്ടി പറഞ്ഞിട്ടും സർക്കാർ അത് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും തിരക്കിലായിരുന്നുവെന്ന് ഖർഗെ വിമർശിച്ചു. അന്ന് എല്ലാം നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങളും ഉപദേശങ്ങളും അടിച്ചേൽപ്പിക്കുകയാണ്. 'ഇത് വാങ്ങരുത്, പണം ലാഭിക്കണം, വർക്ക് ഫ്രം ഹോം ചെയ്യണം' തുടങ്ങിയ ഉപദേശങ്ങൾ ഭരണകൂടത്തിന്റെ പിടിപ്പുകേട് മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ 12 വർഷത്തെ ഭരണ പരാജയങ്ങളുടെ ഭാരം സാധാരണക്കാരായ ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ഖർഗെ ആഞ്ഞടിച്ചു. മറ്റുള്ളവരെ ഉപദേശിക്കാൻ എല്ലാവർക്കും വലിയ കഴിവുണ്ടാകുമെന്ന ഗോസ്വാമി തുളസീദാസിന്റെ വരികൾ ഉദ്ധരിച്ചാണ് ഖർഗെ മോദിയുടെ നിലപാടുകളെ പരിഹസിച്ചത്. എംഎസ്എംഇ (MSME) മേഖല നേരിടുന്ന തകർച്ചയും മരുന്നുകളുടെ വിലക്കയറ്റവും പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം ഉപദേശങ്ങൾ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.