ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവ വോട്ടര്‍മാര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും രാജ്യം നല്കിയ അവകാശങ്ങളെയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. വോട്ടവകാശം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാരിന്റെ ഒരു 'പാവ' മാത്രമായി മാറിയിട്ടുണ്ടെന്നും ഖാര്‍ഗെ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പിലാക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ത്ത് രാജ്യത്ത് ഹിറ്റ്ലര്‍ ഭരണമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും, ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്ത് വീണ്ടും അടിമകളാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലുള്ളവര്‍ കസേര ഒഴിഞ്ഞുപോയില്ലെങ്കില്‍ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ജനങ്ങള്‍ വെറുതെയിരിക്കില്ലെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്കി.
ഇതേതുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല, തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ജ്ഞാനേഷ് കുമാറിന് രാജി വെക്കേണ്ടി വരുമെന്നും വ്യക്തമാക്കി. എസ്.ഐ.ആര് നടപടികള്‍ പിന്‍വലിക്കണമെന്നും നീക്കം ചെയ്ത വോട്ടുകള്‍ തിരികെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് എംപി സയ്യിദ് നാസര്‍ ഹുസൈന് ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ചുകളും പ്രക്ഷോഭങ്ങളും ശക്തമായി തുടരുകയാണ്.
ഗ്യാനേഷ് കുമാര്‍ സര്‍ക്കാരിന്റെ 'പാവ'; സ്വാതന്ത്ര്യത്തിനു ശേഷം ലഭിച്ച ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: മല്ലികാര്‍ജുന്‍ ഖര്‍ഗെ