കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രദേശവാസികളുടെ സമരം ശക്തമാകുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദ്വീപിലും പുറത്തും നിരാഹാര സമരം നടത്താനാണ് തീരുമാനം. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ പുറത്തിറങ്ങി പ്രതിഷേധങ്ങൾ നടത്താനാകില്ല . രാത്രികാല കർഫ്യൂവും നിലവിലുണ്ട്. അതിനാൽ പരസ്യ പ്രതിഷേധങ്ങൾ തത്കാലം കേരളത്തിലും ഡൽഹിയിലുമായി തുടരും.
സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം തുടങ്ങിയ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും. കൊച്ചിയിലും ഡൽഹിയിലും നിരാഹാരസമരം തുടങ്ങാനാണ് ആദ്യതീരുമാനം. എല്ലാ ദ്വീപുകളിലെയും വീടുകളിലും ദ്വീപ് ജനത നിരാഹാരസമരം നടത്തും. അടുത്ത തിങ്കളാഴ്ച മുതൽ നിരാഹാരം തുടങ്ങാനാണ് ധാരണ. ലക്ഷദ്വീപിലെ കടമത്ത് പഞ്ചായത്തും അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കും കളക്ടറുടെ വിവാദ പരാമർശങ്ങൾക്കുമെതിരെ പ്രമേയങ്ങൾ പാസാക്കി.