ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. മെയ് 20-ന് പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് പുതിയ എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം പുതിയ എഐ വകുപ്പിന്റെ ചുമതലയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കൈകാര്യം ചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ മറ്റ് പ്രധാന വകുപ്പുകളിൽ ഉൾപ്പെടുന്നു.
എഐ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ കുറച്ചുകാലമായി വലിയ രീതിയിലുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി എഐ സാങ്കേതികവിദ്യയ്ക്കായി ഒരു പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ സംസ്ഥാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, വ്യവസായ നയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു മുൻഗണനാ മേഖലയായി സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിലുള്ള നിക്ഷേപങ്ങളെയും പ്രതിഭകളെയും കേരളത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എഐ (AI), ജെൻഎഐ (GenAI) കോൺക്ലേവുകൾക്ക് സംസ്ഥാനം വിജയകരമായി ആതിഥേയത്വം വഹിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സർക്കാർ എഐക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, പൊതുസേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ കേരളം ഇതിനകം തന്നെ നിരവധി എഐ പദ്ധതികൾ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. എഐ, മെഷീൻ ലേണിങ് പരിശീലനങ്ങൾ, എഐ അധിഷ്ഠിത റിക്രൂട്ട്‌മെന്റ് സംവിധാനങ്ങൾ, പൂർണ്ണമായും സാങ്കേതികവിദ്യാധിഷ്ഠിതമായിട്ടുള്ള ഭരണനിർവഹണ മാതൃകകൾ എന്നിവ കേന്ദ്രീകരിച്ചുള്ള വിപ്ലവകരമായ മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഒരു പുതിയ വകുപ്പിലൂടെ എഐ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും വികസനവും കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.