കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതി. എയര്‍ ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) റിപ്പോര്‍ട്ടാണ് സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതി പരിശോധിക്കുക. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണോ എന്ന കാര്യവും സമിതി പരിശോധിക്കും.
രണ്ട് മാസത്തിനകം പുതിയ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമാകും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
പൈലറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നാണ് അടുത്തിടെ പുറത്തുവന്ന എഎഐബി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള ജനപ്രതിനിധികള്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളിലെല്ലാം തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.