വാഷിംഗ്ടണ്‍: ദുബായില്‍ നിന്ന് ഇസ്രായേലിലെ തെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഭീകരാക്രമണ ലക്ഷ്യത്തോടെയാണെന്നും ഇതിന് പിന്നില്‍ ഇറാന്റെ പങ്കുണ്ടെങ്കില്‍ രാജ്യം കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. സംഭവത്തില്‍ ഇറാന്റെ പങ്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വൈറ്റ് ഹൗസില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'അവര്‍ക്ക് വലിയ ആഘാതം തന്നെ നേരിടേണ്ടി വരും. കാര്യങ്ങള്‍ ഞങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്' എന്ന് ട്രംപ് വ്യക്തമാക്കി. ഒപ്പം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച സന്ദേശത്തില്‍, ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം കുറിച്ചു.
കോക്ക്പിറ്റില്‍ വെച്ച് കോ-പൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായും അതിക്രമത്തിന് തുനിഞ്ഞതായും തെളിവുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. യാത്രക്കാരില്‍ ഭൂരിഭാഗവും ഇസ്രായേലികളായിരുന്ന വിമാനത്തില്‍, ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചാണ് കോ-പൈലറ്റ് വിമാനം അപകടപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍, പരിക്കേറ്റ ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും ഇസ്രായേലി യാത്രക്കാരുടെയും മനസ്സാന്നിധ്യവും ഇടപെടലും മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ട് ഇറക്കി. കസ്റ്റഡിയിലുള്ള കോ-പൈലറ്റിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൗദിയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇസ്രായേലിലേക്കും തിരിച്ചുുമുള്ള സര്‍വീസുകള്‍ ഫ്ലൈ ദുബായ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഭാവിയില്‍ ഇത്തരം സുരക്ഷാ ഭീഷണികള്‍ തടയാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും നെതന്യാഹു അറിയിച്ചു.
ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമണം: ഇറാന് പങ്കുണ്ടെങ്കില്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്