കണ്ണൂർ : സി. കെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെ. കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്തുവന്നു. പണം ഏർപ്പാട് ചെയ്തത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേഷെന്ന് കെ.സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നു.
സി.കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയതിന് പുറമെ ബിജെപി 25 ലക്ഷം രൂപ നൽകിയതായി ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് തെളിവ് കൈമാറി. ജാനുവിന് 25 ലക്ഷം രൂപ കൊടുക്കാൻ ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനെ ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതിൻ്റെ ശബ്ദരേഖയാണ് പ്രസീത കൈമാറിയത്.
ഗണേഷ് വിളിച്ചിട്ട് സി.കെ ജാനു തിരിച്ച് വിളിച്ചില്ലേ എന്ന് ശബ്ദരേഖയില്‍ ചോദിക്കുന്നു. '25 തരാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസ്സിലായല്ലോ. ഗണേശ് ജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് തരും. ബാക്കി കാര്യങ്ങൾ അവിടുത്തെ മണ്ഡലം പാർട്ടിക്കാരാണ് ചെയ്യുന്നത്. ഗണേശ്ജി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയാണ്' - സുരേന്ദ്രന്‍ സംഭാഷണത്തില്‍ പറയുന്നു. എൻഡിഎ സ്ഥാനാർത്ഥിയാകാൻ ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് പ്രസീതയുടെ മൊഴി എടുത്തത്.