ഇറാന്‍ യുദ്ധനയം: യു.എസ്. ജനപ്രതിനിധിസഭയില്‍ ട്രംപിന് തിരിച്ചടി; പ്രമേയം പാസായി
ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ടുപോകുന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി യുഎസ് ജനപ്രതിനിധിസഭയില്‍ പ്രമേയം പാസായി. ഇറാനുമായി യുദ്ധവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും യുഎസ് സൈനികരെ അവിടെനിന്ന് ഉടന്‍ പിന്‍വലിക്കണമെന്നുമാണ് പ്രമേയം ആവശ്യപ്പെടുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 208-നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇത് ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.
ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം പാര്‍ലമെന്റായ കോണ്‍ഗ്രസിനാണെന്ന വാദമാണ് പ്രമേയത്തിന്റെ അടിസ്ഥാനം. കോണ്‍ഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനികശക്തി ഉപയോഗിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തില്‍, ഇറാനിലെ സൈനിക നടപടികളില്‍ നിന്ന് പിന്മാറണമെന്നാണ് ഇതില്‍ ആവശ്യപ്പെടുന്നത്. ട്രംപിന്റെ ഇറാന്‍ നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ വോട്ട് ചെയ്തത് ഭരണപക്ഷത്തെ അസ്വസ്ഥതകളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മര്‍ദം വര്‍ധിക്കുകയും ചെയ്തതോടെ അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപ് മുന്നോട്ടുപോകുന്നതെന്നും ഇതിന് വ്യക്തമായ ദീര്‍ഘകാല തന്ത്രങ്ങളില്ലെന്നും ഡെമോക്രാറ്റ് നേതാക്കള്‍ വിമര്‍ശിക്കുന്നു. മുന്‍പും ട്രംപിന്റെ യുദ്ധ അധികാരം നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അവ പരാജയപ്പെടുകയോ വോട്ടെടുപ്പിലേക്ക് എത്താതിരിക്കുകയോ ആയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു.
ജനപ്രതിനിധിസഭയില്‍ പാസായ പ്രമേയം ഉടനടി നിയമമാകില്ല. ഇനി ഇത് സെനറ്റില്‍ കൂടി പാസാകേണ്ടതുണ്ട്. സെനറ്റില്‍ പ്രമേയം പാസായാല്‍ പോലും അതിനെ വീറ്റോ ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. എങ്കിലും, ഈ പ്രമേയം കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ പ്രസിഡന്റിന്റെ സൈനിക അധികാരങ്ങളും കോണ്‍ഗ്രസിന്റെ നിയമനിര്‍മ്മാണ പരിധിയും തമ്മിലുള്ള വലിയൊരു ഭരണഘടനാപരമായ തര്‍ക്കത്തിലേക്ക് വഴിതുറന്നേക്കാം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.