ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹിയില്‍ സജീവം. 2026-2030 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള നാമനിര്‍ദേശ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.
ഡിസംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എതിര്‍പ്പുകള്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളിയതോടെ ഉഷയുടെ മത്സരസാധ്യത സജീവമായി. നേരത്തെ സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.ടി. ഉഷയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. പ്രസിഡന്റ് ഉള്‍പ്പെടെ 13 പദവികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, ആറ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്.
വനിതാ പ്രാതിനിധ്യത്തിനും തിരഞ്ഞെടുപ്പില്‍ പ്രത്യേക പരിഗണനയുണ്ട്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ ഓരോ വനിതാ പ്രതിനിധി വീതം ഉണ്ടാകും. എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ സ്‌പോര്‍ട്‌സ്‌പേഴ്‌സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തില്‍നിന്ന് ഒരു പുരുഷനും ഒരു വനിതയും ഉള്‍പ്പെടും. 71 അംഗങ്ങളാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഗഗന്‍ നാരംഗ്, അഞ്ജു ബോബി ജോര്‍ജ്, സൈന നെഹ്വാള്‍ തുടങ്ങിയ പ്രമുഖരും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സാന്നിധ്യങ്ങളാകും.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ നടപടികള്‍ക്ക് ഇന്ന് തുടക്കം; വീണ്ടും മത്സരിക്കാന്‍ പി.ടി. ഉഷ