മസ്‌കറ്റ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. അഫ്ഗാന്‍ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം ക്യാപ്റ്റന്‍ ലക്ഷ്യ രാജേഷ് (93), വി.കെ. വിനീത് (57*), ആര്യവീര്‍ സെവാഗ് (51) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ മികവില്‍ 36.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശനിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 228 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ലക്ഷ്യ രാജേഷും ആര്യവീര്‍ സെവാഗും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഫോറും നാല് സിക്‌സും പറത്തി 57 പന്തില്‍ 51 റണ്‍സെടുത്ത ആര്യവീര്‍ സെവാഗ് പുറത്തായ ശേഷം, വി.കെ. വിനീതിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ലക്ഷ്യ രാജേഷ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത ലക്ഷ്യ രാജേഷ് 90 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടക്കം 93 റണ്‍സെടുത്ത് സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായി. തുടര്‍ന്ന് 62 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്ന വി.കെ. വിനീതും 16 റണ്‍സെടുത്ത യഷ്ബര്‍ധന്‍ ചൗഹാനും ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 51 റണ്‍സ് വീതമെടുത്ത ഷാ ഫൈസല്‍ റഹീമി, നൊമാന്‍ സലര്‍സായ് എന്നിവരാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്‍ സൂദ് മൂന്ന് വിക്കറ്റും ആര്യന്‍ സാവ്സനി രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ ഇടംനേടിയത്.
അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ; കലാശപ്പോരിൽ പാകിസ്ഥാനെ നേരിടും