പുതുച്ചേരി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 49 റൺസിന്റെ ആശ്വാസ വിജയം. ഇന്ത്യ എ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 46.2 ഓവറിൽ 226 റൺസിന് ഓൾഔട്ടായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ എ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് പ്രിയാൻഷ് ആര്യയും (49 പന്തിൽ 45) പ്രഭ്‌സിമ്രാൻ സിങ്ങും (34 പന്തിൽ 39) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, പിന്നീട് മധ്യഓവറുകളിൽ ഇന്ത്യ തകർച്ച നേരിട്ടു. വെറും 35 റൺസെടുക്കുന്നതിനിടയിൽ ഇന്ത്യ എയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ദേവ്ദത്ത് പടിക്കൽ (2), രജത് പാട്ടീദാർ (3) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 33 റൺസെടുത്ത് മടങ്ങി.
തുടർന്ന് ഏഴാം വിക്കറ്റിൽ ഒന്നിച്ച സൂര്യാൻഷ് ഷെഡ്‌ഗെയും വിപ്രജ് നിഗമും 85 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ ശക്തമായ നിലയിലെത്തിച്ചു. സൂര്യാൻഷ് 66 റൺസും വിപ്രജ് 40 റൺസുമെടുത്തു. ഓസ്‌ട്രേലിയ എ ടീമിനായി ബെൻ ഡ്വാർഷൂയിസും വിൽ സതർലാൻഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
276 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എയ്ക്ക് ഓപ്പണർ ജോഷ് ഫിലിപ്പെ 38 പന്തിൽ അർധസെഞ്ചുറി നേടി മികച്ച തുടക്കം നൽകി. എന്നാൽ പിന്നീട് ഇന്ത്യൻ സ്പിന്നർമാരും പെയ്സർമാരും ചേർന്ന് മത്സരം തിരികെപ്പിടിച്ചു. അഞ്ചിന് 186 റൺസ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ 226 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. അവസാന അഞ്ച് വിക്കറ്റുകൾ വെറും 27 റൺസിനിടെയാണ് വീണത്. ഇന്ത്യയ്ക്കായി ഗുർജപ്‌നീത് സിങ് മൂന്ന് വിക്കറ്റും, യഷ് ഠാക്കൂർ, നിഷാന്ത് സിന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം
അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ എ-യെ തകർത്ത് ഇന്ത്യ എ; 49 റൺസിന്റെ ആശ്വാസ ജയം