പഴയ കാർ വിറ്റവർ ഈ തെറ്റ് ചെയ്യരുത്; ഫാസ്ടാഗ് ഡീആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ പണി പാളും
പഴയ വാഹനം വിറ്റതിനു ശേഷം ആർ.സി.യും (RC) അനുബന്ധ രേഖകളും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റിയാൽ ഉത്തരവാദിത്തങ്ങൾ അവസാനിച്ചുവെന്ന് കരുതുന്നത് വലിയ തെറ്റാണ്. കാർ വിൽക്കുമ്പോൾ അതിലുളള ഫാസ്ടാഗ് (FASTag) നിർജ്ജീവമാക്കുക (Deactivate) എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഇത് ചെയ്യാതിരുന്നാൽ, പഴയ കാറുമായി പുതിയ ഉടമ നടത്തുന്ന യാത്രകളുടെ ടോൾ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും ഈടാക്കപ്പെടുക. വിൻഡ്‌ഷീൽഡിൽ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായോ വാലറ്റുമായോ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, സ്കാനർ പഴയ വിവരങ്ങൾ ഉപയോഗിച്ച് തുക സ്വയം വെട്ടിക്കുറയ്ക്കും. തുടർച്ചയായി പണം നഷ്ടപ്പെടുമ്പോഴായിരിക്കും പലരും ഈ അബദ്ധം തിരിച്ചറിയുന്നത്.
വാഹനം വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ നാഷണൽ ഹൈവേ അതോറിറ്റിയുടെ (NHAI) മാർഗ്ഗനിർദ്ദേശപ്രകാരം ഫാസ്ടാഗ് നൽകിയ ബാങ്കുമായി ബന്ധപ്പെടേണ്ടതുണ്ട്. തുടർന്ന് നിലവിലുള്ള ഫാസ്ടാഗ് അക്കൗണ്ട് റദ്ദാക്കുകയും അക്കൗണ്ടിൽ ബാക്കിയുള്ള തുകയുടെ റീഫണ്ടിനായി അപേക്ഷിക്കുകയും ചെയ്യാം. പുതിയ ഉടമ സ്വന്തം പേരിൽ പുതിയ ഫാസ്ടാഗ് എടുക്കുകയാണ് ചെയ്യേണ്ടത്. ഫാസ്ടാഗ് ക്ലോസ് ചെയ്യുമ്പോൾ അക്കൗണ്ട് ബാലൻസ് തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടാമെന്നതിനാൽ ആവശ്യമായ രേഖകൾ നൽകി അത് ഉറപ്പാക്കേണ്ടതുണ്ട്.
ഫാസ്ടാഗ് ഡീആക്ടിവേറ്റ് ചെയ്യുന്നതിനായി, നിങ്ങളുടെ ഫാസ്ടാഗ് നൽകിയിട്ടുള്ള ബാങ്കിന്റെ കസ്റ്റമർ കെയർ വഴിയോ അല്ലെങ്കിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി വാഹന രജിസ്ട്രേഷൻ നമ്പർ, ഫോൺ നമ്പർ എന്നിവ ആവശ്യമായി വരും. നടപടികൾ പൂർത്തിയായ ശേഷം ഫാസ്ടാഗ് പൂർണ്ണമായും റദ്ദായി എന്ന് ഉറപ്പുവരുത്തണം. ബാങ്ക് വഴി പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനിയുടെ (IHMCL) ഹെൽപ്പ്‌ലൈൻ വഴിയും പരാതി നൽകാം. രേഖകൾ കൈമാറുന്നത് പോലെ തന്നെ സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾക്കായി ഫാസ്ടാഗ് അക്കൗണ്ട് റദ്ദാക്കുന്നത് മറക്കാതിരിക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.