യെമനിലെ ഏദൻ വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ ശക്തമായ മിസൈൽ ആക്രമണം. കെയ്റോയിലേക്ക് പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന യെമൻ വിമാനത്തിന് തൊട്ടടുത്തായി രണ്ട് മിസൈലുകൾ വിമാനത്താവളത്തിനുള്ളിൽ പതിക്കുകയായിരുന്നു.
ആക്രമണം നടന്നതായി യെമൻ വാർത്താവിനിമയ മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൂതി വിമതരുടെ ഇത്തരത്തിലുള്ള തുടർച്ചയായ നീക്കങ്ങൾ യാത്രക്കാരുടെ ജീവനും അന്താരാഷ്ട്ര വ്യോമയാന സുരക്ഷയ്ക്കും വൻ ഭീഷണിയാണെന്ന് യെമൻ ഭരണകൂടം ചൂണ്ടിക്കാട്ടി.
ഏദൻ വിമാനത്താവളത്തെ ലക്ഷ്യമിട്ട് കേവലം ഒരു ആഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ തുടർന്ന് മേഖലയിൽ വ്യോമഗതാഗതവും സുരക്ഷാ സംവിധാനങ്ങളും കടുത്ത ജാഗ്രതയിലാണ്.
യെമൻ വിമാനത്തിന് തൊട്ടടുത്ത് ഹൂതികളുടെ മിസൈൽ ആക്രമണം; ഏദൻ വിമാനത്താവളത്തിൽ വൻ ഭീതി