ഇനി ഗ്യാസ് സിലിണ്ടറും 10 മിനിറ്റിൽ; സ്വിഗ്ഗിയുമായി കൈകോർത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം
ഡൽഹി: ഭക്ഷണവും ദൈനംദിന ആവശ്യസാധനങ്ങളും അതിവേഗത്തിൽ വീട്ടിലെത്തിക്കുന്ന സേവനങ്ങൾക്ക് പിന്നാലെ ഇനി പാചകവാതക സിലിണ്ടറും 10 മിനിറ്റിനുള്ളിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL). ഇതിനായി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടുമായി എച്ച്പിസിഎൽ കൈകോർക്കുന്നു. പുതുതായി അവതരിപ്പിച്ച എച്ച്പി നവ്യ (HP Navya) എൽപിജി സിലിണ്ടറുകളാണ് ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്യുക. 10 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകൾക്കൊപ്പം അഞ്ച് കിലോഗ്രാം സിലിണ്ടറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
പദ്ധതിയുടെ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിൽ ബംഗളൂരുവിലാണ് ആരംഭിക്കുന്നത്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പ് വഴി ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയും. ലഭിക്കുന്ന ഓർഡറുകൾ എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണക്കാരായിരിക്കും ഉപഭോക്താക്കളിലെത്തിക്കുക. എച്ച്പി നവ്യ സിലിണ്ടറുകളുടെ പ്രത്യേകത, ഇവ ലഭിക്കാൻ പരമ്പരാഗത എൽപിജി കണക്ഷൻ ആവശ്യമില്ല എന്നതാണ്. വിദ്യാർഥികൾ, ജോലിക്കായി ഒറ്റയ്ക്ക് താമസിക്കുന്നവർ, ചെറിയ കുടുംബങ്ങൾ, വാടകവീടുകളിൽ താമസിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ കെവൈസി (KYC) പരിശോധനയും വിലാസ പരിശോധനയും പൂർത്തിയാക്കണം. തുടർന്ന് ആവശ്യാനുസരണം എളുപ്പത്തിൽ സിലിണ്ടറുകൾ ബുക്ക് ചെയ്ത് വാങ്ങാനാകും.
ഗ്യാസ് കണക്ഷനില്ലാത്തവർക്കും പാചകവാതകം എളുപ്പത്തിൽ ലഭ്യമാക്കുകയും അതിവേഗ വിതരണ സംവിധാനം ഒരുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് എച്ച്പിസിഎൽ അറിയിച്ചു. ബംഗളൂരുവിലെ പരീക്ഷണഘട്ടത്തിന് ശേഷം മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.