തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍. കാനത്തിന്റെ വിയോഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി, യുവജന, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ നേതൃത്വം ശ്രദ്ധേയമാണ്. പൊതുപ്രവർത്തകനെന്ന നിലയിലെ സംഭാവനകളും സാമൂഹിക നന്മയോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയും എക്കാലവും സ്മരിക്കപ്പെടുമെന്ന് ഗവർണർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാനം രാജേന്ദ്രന്റെ വിയോഗം കേരളരാഷ്ട്രീയത്തിന് നഷ്ടമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ പറഞ്ഞു. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും സ്പീക്കർ അനുശേചന സന്ദേശത്തില്‍ പറഞ്ഞു.