കൊച്ചി: രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ താറുമാറാക്കി ഭക്ഷ്യവിലക്കയറ്റം അതിരൂക്ഷമാകുന്നു. സെപ്തംബറിലെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 5.54 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ആഗസ്റ്റ് മാസത്തില്‍ ഇത് 4.83 ശതമാനമായിരുന്നു. പുതിയ സീരീസ് പ്രകാരം നാണയപ്പെരുപ്പം കണക്കാക്കാന്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വിലക്കയറ്റത്തോത് അഞ്ച് ശതമാനം കടക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് നാണയപ്പെരുപ്പം കുത്തനെ ഉയരാന്‍ പ്രധാന കാരണം. ഭക്ഷ്യ വില സൂചിക ആഗസ്റ്റിലെ 5.97 ശതമാനത്തില്‍ നിന്ന് സെപ്തംബറില്‍ 7.74 ശതമാനമായി കുതിച്ചുയര്‍ന്നു. അടുക്കളകളില്‍ ഒഴിവാക്കാനാകാത്ത സവോളയുടെ വിലയില്‍ 108.09 ശതമാനവും വെളുത്തുള്ളിയ്ക്ക് 54.62 ശതമാനവും നാരങ്ങയ്ക്ക് 36.41 ശതമാനവും വര്‍ദ്ധനവാണുണ്ടായത്. അതേസമയം, ഉരുളക്കിഴങ്ങിന്റെ (11.5%) തക്കാളിയുടെയും (8.62%) വിലയില്‍ ചെറിയ ആശ്വാസമുണ്ടായിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ പ്രകടമായത് (6.08%). നഗരങ്ങളില്‍ ഇത് 4.88 ശതമാനമാണ്.
ഭക്ഷ്യ ഇതര മേഖലകളിലും വിലവര്‍ദ്ധനവ് ശക്തമായി തുടരുകയാണ്. പേഴ്സണല്‍കെയര്‍, സാമൂഹിക സുരക്ഷ, സേവന മേഖലകളില്‍ വില സൂചിക 13.75 ശതമാനം ഉയര്‍ന്നു. റെസ്റ്റോറന്റ്, താമസം തുടങ്ങിയ മേഖലകളില്‍ 9.36 ശതമാനവും ഗതാഗത ചെലവില്‍ 5.01 ശതമാനവും ആരോഗ്യ സംബന്ധിയായ ചെലവുകളില്‍ 1.4 ശതമാനവും വര്‍ദ്ധനവുണ്ടായി. രാജ്യാന്തര തലത്തിലെ ഇന്ധന വിലക്കയറ്റവും കാലവര്‍ഷ ലഭ്യതയിലുണ്ടായ കുറവും ഉത്പാദന-ഗതാഗത ചെലവുകളിലെ വര്‍ദ്ധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 6.81 ശതമാനം വിലക്കയറ്റത്തോതുമായി തമിഴ്‌നാടാണ് ഒന്നാമതുള്ളത്. ഒഡീഷ (6.7%), മദ്ധ്യപ്രദേശ് (6.68%), തെലങ്കാന (6.64%), ആന്ധ്രാപ്രദേശ് (6.29%) എന്നിവയാണ് തൊട്ടുപിന്നില്‍. എന്നാല്‍, കേരളത്തിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നത് ആശ്വാസകരമാണ്; 5.26 ശതമാനമാണ് കേരളത്തിലെ നിരക്ക്.
നാണയപ്പെരുപ്പത്തിന്റെ സഹനപരിധി ആറ് ശതമാനമായി നിര്‍ണ്ണയിച്ചിട്ടുള്ള റിസര്‍വ് ബാങ്കിന് നിലവിലെ സൂചിക വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒക്ടോബറിലെ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു.
രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു