അണ്ടര്‍ 17 ഫിഫ ലോക കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ടീമിനെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം നിലനില്‍ക്കുന്നുണ്ടെങ്കിലും അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ 19 ന് തന്നെ ആരംഭിക്കുമെന്ന് ഫിഫ. യുഎസ് സോക്കർ ഫെഡറേഷൻ ദേശീയ ടീമിനെ പിൻവലിച്ചതോടെ ടൂർണമെന്റ് നടത്തിപ്പിനെക്കുറിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്കാണ് ഫിഫയുടെ പ്രഖ്യാപനത്തോടെ വിരാമമായത്.
ഖത്തറിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയ്ക്ക് നൽകിയ പ്രതികരണത്തിലാണ് ഫിഫ നിലപാട് വ്യക്തമാക്കിയത്. ടീമുകളുടെയും ഫുട്ബോൾ ആരാധകരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പരമപ്രധാനമായ പരിഗണന നൽകുന്നതെന്ന് ഫിഫ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മറ്റെല്ലാ ഫിഫ ടൂർണമെന്റുകളെയും പോലെ യാതൊരു സുരക്ഷാ ഭീഷണിയുമില്ലാതെ ലോകകപ്പ് ഖത്തറിൽ അരങ്ങേറുമെന്നും ഫിഫ ഉറപ്പുനൽകി.
സമീപ മാസങ്ങളിൽ നിരവധി അന്താരാഷ്ട്ര കായിക മേളകൾക്ക് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 'മോട്ടോജിപി ഖത്തർ ഗ്രാൻഡ് പ്രിക്സ്-8', 'എഫ്ഐപി പാഡൽ ലോകകപ്പ്-2026' എന്നീ രണ്ട് പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളാണ് ഇവിടെ സുഗമമായി നടന്നത്.