തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡുകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി. ഡി. സതീശന് കൈമാറി. ട്രേഡ് യൂണിയന്‍ പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പ്രത്യേക സമിതി വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങളും നിയമഭേദഗതികളും റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കാതലായ മാറ്റമാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ഫാമിലി യൂണിറ്റ് മൂന്ന് എന്നത് മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി അഞ്ചായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തു. ഇതിലൂടെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മിനിമം വേതനം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കൂടാതെ കൂടുതല്‍ തൊഴിലാളികളെ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനും അപകടസാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന ഉറപ്പാക്കാനും റിപ്പോര്‍ട്ടില്‍ വ്യവസ്ഥയുണ്ട്.
രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ഷന മാനദണ്ഡങ്ങള്‍ സംസ്ഥാന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ലേബര്‍ കോഡുകള്‍ സംബന്ധിച്ച് സംസ്ഥാനത്തിനുള്ള ആശങ്കകളും തൊഴിലാളി സംഘടനകളുടെ നിര്‍ദ്ദേശങ്ങളും പ്രത്യേക സമിതി വിശദമായി പരിശോധിച്ച് ജസ്റ്റിസ് ഗോപാല്‍ ഗൗഡ കമ്മിറ്റി മുഖേന നിയമഭേദഗതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലേ ഓഫ്, ലോക്കൗട്ട് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ള നിയമപരമായ മാറ്റങ്ങളും ഇതിലൂടെ ഉറപ്പാക്കും.
ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; മിനിമം വേതന വര്‍ധനയ്ക്കും കൂടുതല്‍ തൊഴിലാളികളെ ബോണസ് പരിധിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം