ദീപാവലി ആഘോഷങ്ങൾ നടക്കാനിരിക്കെ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വായുനിലവാര സൂചിക (AQI) 349 രേഖപ്പെടുത്തി. ഇതോടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നു. വരുംദിവസങ്ങളിലും വായുനിലവാരം ‘മോശം’, ‘അതീവ മോശം’ വിഭാഗങ്ങളിൽ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വായുനിലവാര മുന്നറിയിപ്പ് സംവിധാനം (AQEWS) വ്യക്തമാക്കി.
സമീപ സംസ്ഥാനങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതും താപനില താഴുന്നതുമാണ് മലിനീകരണത്തിന്റെ തോത് വർധിപ്പിച്ചത്. ശനിയാഴ്ച 5.33 ശതമാനമായിരുന്ന മലിനീകരണതോത് ഞായറാഴ്ചയോടെ 18.57 ശതമാനമായി ഉയർന്നു. കാറ്റിന്റെ വേഗത കുറയുന്നതും മൂടൽമഞ്ഞും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ ഇടയാക്കുന്നു. ഞായറാഴ്ച കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങളും കർമപദ്ധതിയും നിലവിൽ വന്നു. ബി.എസ്-VI നിലവാരത്തിൽ താഴെയുള്ള ഡൽഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൊടിപടലങ്ങൾ ഉയർത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. കൂടാതെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ നേരിട്ടും ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം (Work from Home) രീതിയിലും ജോലി ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
ദീപാവലിക്ക് മുൻപ് ഡൽഹിയിൽ ശ്വാസം മുട്ടുന്നു; വായുമലിനീകരണം രൂക്ഷം, വാഹനങ്ങൾക്കും നിർമാണങ്ങൾക്കും നിയന്ത്രണം