ചെന്നൈ: 17 വർഷത്തെ നീണ്ട പരിശീലക കാലയളവിന് ശേഷം സ്റ്റീഫൻ ഫ്ലെമിംഗ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞതോടെ പുതിയ കോച്ചിനെ തേടി ഫ്രാഞ്ചൈസി.
ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് സിഎസ്‌കെ പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. വിദേശ പരിശീലകനെ തന്നെയാണ് ഫ്രാഞ്ചൈസി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. നിലവിൽ താരങ്ങളുടെ കൈമാറ്റമോ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതോ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും പരിശീലകനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രമുഖ പരിശീലകർ സിഎസ്‌കെയെ സമീപിച്ച് താൽപര്യം അറിയിച്ചിട്ടുണ്ടെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷം ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി.
സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും ടീം ഡയറക്ടർ രൂപ ഗുരുനാഥും ചേർന്നാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമായിരിക്കും പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് സൂചന. പുതിയ കോച്ചിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും അടുത്ത സീസണിലേക്കുള്ള ടീമിന്റെ രൂപീകരണം.
മക്കല്ലം, ഹസി, മോർക്കൽ പട്ടികയിൽ
ഫ്ലെമിംഗിന് പകരക്കാരനായി മൂന്ന് പ്രമുഖ വിദേശ പരിശീലകരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇംഗ്ലണ്ട് വൈറ്റ്-ബോൾ ടീമിന്റെ പരിശീലകനും മുൻ ന്യൂസിലൻഡ് നായകനുമായ ബ്രെണ്ടൻ മക്കല്ലമാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. മുൻ സിഎസ്‌കെ താരമായ മക്കല്ലം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.
2018 മുതൽ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനായി തുടരുന്ന ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസിയും പരിഗണനയിലുണ്ട്. ടീമിന്റെ ഡ്രസ്സിങ് റൂമിലെ ദീർഘകാല പരിചയവും മാനേജ്‌മെന്റുമായുള്ള അടുത്ത ബന്ധവും ഹസിക്ക് അനുകൂല ഘടകങ്ങളാണ്.
ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ അൽബി മോർക്കലാണ് പരിഗണനയിലുള്ള മറ്റൊരു പ്രമുഖ പേര്. സിഎസ്‌കെയുടെ ആദ്യകാലത്തെ പ്രധാന താരങ്ങളിലൊരാളായ മോർക്കലിനെ അടുത്തിടെയാണ് സിഎസ്‌കെയുടെ ദക്ഷിണാഫ്രിക്കൻ ലീഗ് ഫ്രാഞ്ചൈസിയായ ജോഹന്നാസ്ബർഗ് സൂപ്പർ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിച്ചത്.
2009 മുതൽ 2026 വരെ സിഎസ്‌കെയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളിലേക്കും നയിച്ച ശേഷമാണ് ഫ്ലെമിംഗ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള നിർണായക ഘട്ടത്തിലാണ് നിലവിൽ ചെന്നൈ സൂപ്പർ കിങ്സ്.