ക്രിസ്റ്റ്യാനോ റൊണാൾഡോ–ജോർജീന വിവാഹം ഉടൻ? വൈറലായി ക്ഷണക്കത്ത്, മെസിയടക്കമുള്ള അതിഥിപ്പട്ടിക; എന്നാൽ സത്യം മറ്റൊന്ന്
ലിസ്ബൻ: പോർച്ചുഗൽ നായകനും ഫുട്ബോൾ സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജീന റോഡ്രിഗസും വിവാഹിതരാകുന്നുവെന്ന വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ മെദീരയിലെ പ്രശസ്തമായ ഫുൻചാൽ കത്തീഡ്രലിൽ ശനിയാഴ്ച വിവാഹം നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി ഒരുമിച്ച് കഴിയുന്ന റൊണാൾഡോയും ജോർജീനയും അഞ്ച് മക്കളുടെ മാതാപിതാക്കളാണ്. നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് ഇരുവരും താമസിക്കുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഇതിനിടെ, റൊണാൾഡോയുടെ വിവാഹ ക്ഷണക്കത്താണെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിനൊപ്പം ചോർന്നതെന്ന പേരിൽ പുറത്തുവന്ന അതിഥിപ്പട്ടികയും ആരാധകർക്കിടയിൽ വലിയ ചർച്ചയായി. എന്നാൽ പ്രചരിക്കുന്ന ക്ഷണക്കത്ത് വ്യാജമാണെന്നാണ് വ്യക്തമായിരിക്കുന്നത്.
വൈറലായ പട്ടികയിൽ റൊണാൾഡോയുടെ ദീർഘകാല എതിരാളിയായ ലയണൽ മെസിയുടെ പേരും ഉൾപ്പെട്ടിരുന്നു. കൂടാതെ റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, സർ അലക്സ് ഫെർഗൂസൻ, വെയ്ന്‍ റൂണി, സിനദിൻ സിദാൻ എന്നിവർക്കൊപ്പം സിനിമ, സംഗീത ലോകത്തെ വിൻ ഡീസൽ, റിയാന്ന, ജെന്നിഫർ ലോപ്പസ്, ഡ്രേക്ക്, ട്രാവിസ് സ്കോട്ട് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു പ്രചാരണം.
റൊണാൾഡോ തന്റെ ജന്മനാടായ ഫുൻചാലിൽ വിവാഹം കഴിക്കണമെന്ന ആഗ്രഹം മുമ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ശേഷം ഫുൻചാലിലെ ആഡംബര ഹോട്ടലായ സവോയ് പാലസിൽ സ്വീകരണം നടക്കുമെന്നും വി.വി.ഐ.പി അതിഥികൾക്കായി ഹോട്ടലിലെ പ്രധാന ഭാഗങ്ങൾ റിസർവ് ചെയ്തുവെന്നുമുള്ള വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
2016-ൽ മാഡ്രിഡിൽ വച്ചാണ് റൊണാൾഡോയും സ്പാനിഷ് മോഡലും ഇൻഫ്ലുവൻസറുമായ ജോർജീന റോഡ്രിഗസും ആദ്യമായി കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു. ജോർജീനയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ 'Soy Georgina' എന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
നിലവിൽ സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബിനായി കളിക്കുന്ന റൊണാൾഡോയും കുടുംബവും റിയാദിലാണ് താമസം. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.