തിരുവനന്തപുരം : തുടർഭരണത്തിന് പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി ഘടകകക്ഷികള്‍. ഒരു എംഎല്‍എ മാത്രമുള്ള ഐഎന്‍എല്‍, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നിവരാണ് മന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്തിനായി ഐഎന്‍എല്‍ എല്‍ഡിഎഫ് കണ്‍വീനർക്ക് കത്ത് നല്‍കി. അഞ്ച് തവണ തുടർച്ചയായി വിജയിച്ച കോവൂർ കുഞ്ഞുമോന്‍റെ മന്ത്രിപദവിക്കായുള്ള ആവശ്യവും ഇടത് മുന്നണിക്ക് തലവേദനയാകും. മന്ത്രിസ്ഥാനം വേണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ പിണറായി സർക്കാർ ഒരു എംഎല്‍എ മാത്രമുള്ള കോൺഗ്രസ് എസ്സിലെ കടന്നപ്പള്ളി രാമചന്ദ്രന് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കിയത്. കെബി ഗണേഷ് കുമാർ, കോവൂർ കുഞ്ഞുമോന്‍ എന്നിവർക്ക് മന്ത്രിപദവി നിരസിച്ചിരുന്നു. ഒരു എംഎല്‍എ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയാല്‍ സിപിഎമ്മിനും സിപിഐക്കും മന്ത്രമാരുടെ എണ്ണം കുറയ്ക്കേണ്ടി വരും. ഇക്കാര്യത്തെ കുറിച്ച് വിശിദമായി ചർച്ച നടത്താനാണ് തീരുമാനം.
തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ്സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ ധാരണ. അതേസമയം മന്ത്രി പദവികളും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വിട്ടുകൊടുക്കേണ്ടെന്നാണ് സി പി ഐയിലെ നിലവിലെ ധാരണ. സമ്മർദ്ദം ശക്തമായാൽ ചീഫ് വിപ്പ് പദവി വിട്ടുകൊടുത്തേക്കും. സി പി ഐയിൽ നിന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പെടുത്ത് കേരളകോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനത്തില്‍ സിപിഐക്ക് വിയോജിപ്പുണ്ട്.