ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് കോ കേരളത്തിൽ സർവീസ് നടത്താൻ ഉദേശിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിന് എടുക്കും.നെടുമ്പാശേരി ആസ്ഥാനമാക്കി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ ക്രമീകരിക്കുക.
സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത ഈ പദ്ധതിയുടെ രൂപരേഖ സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതായും വിജയകൃഷ്ണൻ പറഞ്ഞു.ആദ്യ ഘട്ടത്തിൽ രണ്ടു വിമാനങ്ങളും തുടർഘട്ടങ്ങളിൽ നാലും ആറും ആക്കി ഉയർത്തും. 72 സീറ്റുള്ള വിമാനമാണ് ഇതിനായി വാടകയ്ക്ക് എടുക്കുക. 3,500 മുതൽ 7,000 രൂപ വരെയാകും ടിക്കറ്റ് നിരക്ക്. പ്രാരംഭഘട്ടത്തിൽ 200 പേർക്കു ജോലി നൽകാനാകും.
വിമാന സർവീസിന് ഒപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുളള സംവിധാനങ്ങളും ഉണ്ടാകും. അതിവേഗ ട്രെയിനുകളിൽ നൽകുന്ന നിരക്കിൽ തന്നെ യാത്ര ചെയ്യാനാകുംവിധമാണ് പുതിയ വിമാന കമ്പനി സർവീസ് നടത്തുക.സർക്കാരിൽനിന്നു തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കമ്പനിയിൽ പണം മുടക്കാൻ 200 സഹകരണ സംഘങ്ങൾ തയാറാണെന്നും വിജയകൃഷ്ണൻ പറഞ്ഞു