തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ 13 വയസ്സുകാരനെയും സഹോദരങ്ങളെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) ഹോമിലേക്ക് മാറ്റി. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് കുടുംബത്തിന് അടിയന്തര സംരക്ഷണം ഉറപ്പാക്കിയത്. കുട്ടികളെയും അമ്മയെയും എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.
കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി മന്ത്രി ബിന്ദു കൃഷ്ണ കഴിഞ്ഞ ദിവസം കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. അമ്മയോടും കുട്ടികളോടും സംസാരിച്ച മന്ത്രി കുടുംബത്തിന് ആവശ്യമായ എല്ലാ സർക്കാർ പിന്തുണയും ഉറപ്പുനൽകി. ഇവരുടെ സുരക്ഷയും തുടർജീവിതവും ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സി.ഡബ്ല്യു.സിയുടെ ഇടപെടലിലൂടെ കുടുംബത്തെ സുരക്ഷിതമായി ഹോമിലേക്ക് മാറ്റിയത്.
പുനരധിവാസത്തിനായി പ്രത്യേക നടപടികൾ
കുടുംബത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം, അമ്മയ്ക്ക് സ്ഥിരമായ വരുമാനമാർഗം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഹോമിൽ അമ്മയ്ക്ക് താൽക്കാലിക തൊഴിൽ നൽകും. കൂടാതെ, കുട്ടികൾക്ക് സുരക്ഷിതമായ താമസസൗകര്യവും ആവശ്യമായ മാനസിക പിന്തുണയും വിദഗ്ധ പരിചരണവും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ സർക്കാർ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന എല്ലാ കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണവും നിയമപരമായ പിന്തുണയും സർക്കാർ എപ്പോഴും ഉറപ്പുനൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടയമംഗലത്ത് മർദ്ദനത്തിനിരയായ 13 കാരനും കുടുംബത്തിനും മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിൽ അടിയന്തര സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി